കട്ടപ്പന: വനം വകുപ്പിന്റെ സ്റ്റോപ് മെമ്മോയിൽ കുരുങ്ങി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 19 വീടുകളുടെ നിർമ്മാണം മുടങ്ങിയ സംഭവത്തിൽ പ്രത്യക്ഷ സമരത്തിന് വീണ്ടും കച്ചമുറുക്കി കർഷക അതിജീവന സംരക്ഷണ സമിതി. കാഞ്ചിയാറ്റിലെ വനം വകുപ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് മുൻപിലാണ് ഗുണഭോക്താക്കളായ ഒൻപതോളം സ്ത്രീകളും പുരുഷൻമാരും 48 മണിക്കൂർ സമരം തുടരുന്നത്.ശനിയാഴ്ച്ച രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനമായെത്തിയ സമരക്കാർ റെയ്ഞ്ച് ഓഫീസറുടെ കാര്യാലയ വളപ്പിലേയ്ക്ക് മുദ്രാവാക്യവുമായി കയറി.തുടർന്ന് നടന്നത് പ്രായമായ അമ്മമാരുടെ വികാരനിർഭരമായ രംഗങ്ങൾ. ഇതിനു പിന്നാലെ കാര്യാലയത്തിന് മുൻപിൽ കുത്തിയിരുന്ന് സമരം ചെയ്യുവാൻ ഇവർ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു.തുടർന്ന് പ്രധാന ഗേറ്റിന് സമീപമിരുന്നാണ് പോരാട്ട സമരം തുടരുന്നത്.കിടപ്പാടം തിരിച്ചു കിട്ടുന്നത് വരെ സമരം തുടരുമെന്നാണ് അതിജീവന സംരക്ഷണ സമിതിയുടെ തീരുമാനം.
• പ്രതീക്ഷയോടെ കുടുംബങ്ങൾ
പുതുവർഷത്തിൽ അനുകൂല നിലപാ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബങ്ങൾ.എന്നാൽ വർഷത്തിന്റെ പാതി ആയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ വകുപ്പുമായി സഹകരിച്ച് സ്ഥലം സന്ദർശിക്കാൻ കൂട്ടാകുന്നില്ലെന്നാണ് ഗുണഭോക്താക്കൾ ആരോപിക്കുന്നത്.കോവിൽമല, മുരിക്കാട്ടുകുടി പ്രദേശങ്ങൾ അടങ്ങുന്ന 1, 2, 16 വാർഡുകൾ തേക്ക് പ്ലാന്റേഷനാണെന്നാണ് വനം വകുപ്പിന്റെ രേഖകളിലുള്ളത്.എന്നാൽ ഈ പ്രദേശം ജനവാസ മേഖലയാണെന്ന് കാട്ടി ഗ്രാമപഞ്ചായത്ത് വനം വകുപ്പ് മന്ത്രിയ്ക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.നിലവിൽ ഇക്കോ ഡവലപ്‌മെന്റ് ആൻഡ് ട്രൈബൽ വെൽഫയർ വകുപ്പിലാണ് അന്തിമ തീരുമാനത്തിനായി ഫയൽ എത്തിയിരിക്കുന്നത്.കാഞ്ചിയാർ പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റ് ഉൾപ്പെടുന്ന കോവിൽമലയിലും മുരിക്കാട്ടുകുടിയിലുമായിട്ടാണ് 19 കുടുംബങ്ങൾ കഴിയുന്നത്.
• വീടനുവദിച്ചത് 2019 ൽ
2019- 20 സാമ്പത്തിക വർഷത്തിലാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് കോവിൽ മലയിൽ ജനറൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വീട് അനുവദിച്ചത്.
പഞ്ചായത്തിൽ നിന്ന് അനുവദിച്ച സ്ഥിരതാമസ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു വീടിന് അനുമതി.ഭൂമി വനമേഖലയിലാണെങ്കിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ സാക്ഷ്യപത്രം ലഭ്യമാക്കി ഗുണഭോക്താക്കളാകാനും നിർദേശമുണ്ടായിരുന്നു..ആദ്യ ഗഡുവായ 40000 രൂപ ലഭിച്ചതോടെ കുടുംബങ്ങൾ ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് അടിത്തറ നിർമ്മിക്കുകയും ചെയ്തു.ഇതിന് ശേഷമാണ് കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർമ്മാണം നടക്കുന്നത് മൂന്ന് സെന്റ് ഭൂമി വീതമെങ്കിലും പതിച്ച് നൽകി മുടങ്ങിയ ഭവന നിർമ്മാണം പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കുകയോ വേണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.പ്രശ്ന പരിഹാരത്തിനായി ഇടുക്കി കളക്ട്രേറ്റിൽ വനം - റവന്യൂ വകുപ്പിന്റെ യോഗം കളക്ടർ വിളിച്ചിരുന്നുവെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല.