തൊടുപുഴ: കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എൽ.ഡി.എഫ് നേതാക്കളായ കെ.ഐ. ആന്റണിയും വി.വി. മത്തായിയും ബാങ്കിലെ വോട്ടർമാരോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബാങ്കിന്റെ തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരുന്നു. എന്നാൽ ഉത്തരവ് പാലിക്കാതിരുന്ന പൊലീസിനെ ഹൈക്കോടതി വിമർശിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ് നൽകിയ അപ്പീലിലാണ് കോടതിയുടെ പരാമർശം. കോടതിയുത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. ഇവിടെ അക്രമം തടയാൻ പൊലീസിനു കഴിഞ്ഞില്ല. ഡി.ജി.പി.യെയും ഇടുക്കി എസ്.പി.യെയും ഹർജിയിൽ സ്വമേധയാ കക്ഷിചേർത്തു. ഉത്തരവ് നടപ്പാക്കാത്തവരെ കണ്ടെത്താൻ ഡി.ജി.പി. അന്വേഷണം നടത്തണം. കമ്മിഷൻ ഡി.ജി.പിയുമായി കൂടിയാലോചിച്ച് പുതിയ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് നടത്തണം. അപ്പീൽ ഒന്നരമാസത്തിനുശേഷം വീണ്ടും പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വാർത്താസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ റോയ് കെ. പൗലോസ്,​ ജോസഫ് ജോൺ,​ ജാഫർഖാൻ മുഹമ്മദ്,​ പി.എൻ. സീതി എന്നിവർ പങ്കെടുത്തു.