തൊടുപുഴ: നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 21ന് രാവിലെ 11ന് തൊടുപുഴ ടൗൺഹാളിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഓട്ടോ- ടാക്‌സി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ടൗണിലെ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടി 13 നിർദ്ദേശങ്ങളടങ്ങിയ നിവേദനം തൊടുപുഴ മുനിസിപ്പൽ കൗൺസിൽ മുമ്പാകെ സമർപ്പിച്ചതായി നേതാക്കൾ പറഞ്ഞു. തൊടുപുഴ നഗരസഭയുടെ നിയന്ത്രണത്തിലുള്ള ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ ഓട്ടോ ടാക്‌സി ട്രേഡ് യൂണിയൻ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് നഗരസഭയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും വർഷം മുമ്പ് വരെ തൊഴിലാളി പ്രതിനിധികൾ ഗതാഗത ഉപദേശക സമിതിയിൽ ഉണ്ടായിരുന്നതായി നേതാക്കൾ പറഞ്ഞു. റോഡുകളിലെ നടപ്പാതകളിലെ കൈയ്യേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിവാക്കാൻ പൊലീസിന്റെയും നഗരസഭയുടെയും ഭാഗത്ത് നിന്ന് നടപടി വേണം. നഗരത്തിൽ സർവീസ് നടത്തുന്നതിന് പ്രത്യേക പെർമിറ്റ് വേണമെങ്കിലും ഇതില്ലാത്ത നൂറിലധികം ഓട്ടോറിക്ഷകളാണ് ടൗണിന്റെ പലഭാഗങ്ങളിലായി അനധികൃതമായി ഓടിക്കുന്നത്. ഇവയ്‌ക്കെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ഗതാഗത തിരക്കേറിയ ജംഗ്ഷനുകളിൽ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കുക, ഗതാഗത തടസങ്ങളും അപകടങ്ങളും ഉണ്ടാക്കുന്ന ഡിവൈഡറുകൾ മുറിച്ച് നീക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ കെ.കെ. കബീർ, ജിൽസൺ പീറ്റർ, ഇ.വി. സന്തോഷ്, വി.കെ. മധു, പി.എം. യൂനസ് എന്നിവർ പങ്കെടുത്തു.