അടിമാലി: മാങ്കുളം ആനക്കുളം വലിയപാറയ്ക്ക് സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിയെ കാണാതായി.
ചാലക്കുടി ആളൂർ വിതയത്തിൽ ക്രാസിൻ തോമസ് (29 ) നെയാണ് കാണാതായത്. ശനിയാഴ്ച വൈകുനേരം നാല് മണിയോടെയായിരുന്നു സംഭവം. തൃശൂരിൽ നിന്നും പത്ത് അംഗ സംഘമാണ് ശനിയാഴ്ച രാവിലെ ആനക്കുളത്ത് എത്തിയത്. ഹോം സ്റ്റേയിൽ റൂം എടുത്തതിന് ശേഷം സമീപത്തെ പുഴയിൽ കുളിക്കുവാനായി പോയതാണ്. ആനക്കുളം വല്യപാറ കുട്ടിക്ക് സമീപം കുളിക്കുന്നതിനിടെ കാൽ വഴുതി കയത്തിൽപ്പെടുകയായിരുന്നുവെന്ന് സഹയാത്രികർ പറയുന്നു. നാട്ടുകാരും, പൊലീസും മൂന്നാറിൽ നിന്നുള്ള അഗ്‌നി രക്ഷാ സേനയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന മഴ മൂലം പുഴയിൽ വലിയ വെള്ളമാണ് ഉള്ളത്. ഇവിടെ അപകട മേഖലയാണ്. ചെളിയും, പാറ ഇടുക്കും ഉള്ളതാണ് ഈ മേഖല.
കഴിഞ്ഞ മാർച്ച് ഒൻപതിന് തലയോലപറമ്പ് ദേവസ്വം ബോർഡ് കോളേജിലെ പി.ജി വിദ്യാർത്ഥി ഇതേ സ്ഥലത്ത് പുഴയിൽ വീണ് മരിച്ചിരുന്നു.