നെടുങ്കണ്ടം: രാമക്കൽമേട് വണ്ണപ്പുറം റോഡിൽ ചേമ്പളം കവുന്തിക്ക് സമീപമുള്ള കൊടുംവളവിൽ കഴിഞ്ഞദിവസം വീണ്ടും ലോറി കുടുങ്ങി. ചേമ്പളംകൗന്തി റോഡിലെ വളവിലാണ് നെടുങ്കണ്ടത്തേക്ക് ചരക്കുമായി എത്തിയ ലോറി കുടുങ്ങിയത്. കൊടും വളവിൽ പൂർണമായും തിരിയാതിരുന്ന ലോറിയുടെ മുൻ ചക്രങ്ങൾ റോഡിന്റെ വെളിയിലുള്ള കട്ടിംഗിലേക്ക് ഇറങ്ങിയതിനെ തുടർന്ന് വാഹനം അനക്കാൻ കഴിയാത്ത അവസ്ഥയിലാകുകയായിരുന്നു. തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. റോഡ് ബ്ലോക്കായതിനെ തുടർന്ന് ഇതുവഴിയുള്ള ബസുകളും വലിയ വാഹനങ്ങളും വട്ടപ്പാറ കവുന്തി റൂട്ടിലേക്ക് തിരിച്ചുവിട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ഇതേ സ്ഥലത്ത് രണ്ട് ലോറികൾ കുടുങ്ങിയിരുന്നു. മണിക്കൂറുകളോളം റോഡ് ബ്ലോക്കായറിയാതെ എത്തിയ സപ്ലൈകോയുടെ ലോറിയും ഇതേ സ്ഥലത്ത് കുടുങ്ങിയിരുന്നു. റോഡിലിട്ട് വാഹനം തിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സപ്ലൈകോ ലോറി വിലങ്ങിയത്. തുടർന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ചാണ് ഗതാഗത തടസം പരിഹരിച്ചത്. തടസം നീക്കി 24 മണിക്കൂർ ആകുന്നതിന് മുമ്പാണ് വീണ്ടും ഇതേ സ്ഥലത്ത് ലോറി കുടുങ്ങിയത്. റോഡിന്റെ കുത്തിറക്കവും വളവും വീതികുറവുമാണ് സ്ഥിരമായി ഇവിടെ വാഹനങ്ങൾ കുടുങ്ങാൻ കാരണം. പലപ്പോഴും ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ് വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കുന്നത്. വളവുകൾ വീതികൂട്ടി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും ഡ്രൈവർമാരുടെയും ആവശ്യം. വളവിന് വീതികൂട്ടാൻ യാതൊരു നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല. രാമക്കൽമേട് വണ്ണപ്പുറം റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി ആദ്യഘട്ടമായി 30 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്നിട്ട് മാസങ്ങൾ കഴിഞ്ഞു. എന്നാൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല.