കട്ടപ്പന: വനം വകുപ്പിന്റെ സ്റ്റോപ് മെമ്മോയിൽ കുരുങ്ങി ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട 19 വീടുകളുടെ നിർമ്മാണം മുടങ്ങിയ സംഭവത്തിൽ ഗുണഭാക്താക്കളായ കുടുംബങ്ങൾ വനം വകുപ്പ് ഓഫീസിന് മുൻപിൽ നടത്തി വന്നിരുന്ന ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സമരസമിതി നേതാക്കളെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് അറിയിച്ചതോടെയാണ് റേഞ്ച് ഓഫീസിന് മുമ്പിൽ സമരം നടത്തിയിരുന്ന കുടുംബങ്ങൾ പിൻമാറിയത്. ശനിയാഴ്ച രാവിലെ മുതലാണ് ഒമ്പതോളം സ്ത്രീകളും പുരുഷൻമാരും കോവിൽമല കർഷക അതിജീവന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാഞ്ചിയാറ്റിലെ വനം വകുപ്പ് റേഞ്ച് ഓഫീസിന് മുൻപിൽ 48 മണിക്കൂർ സമരം തുടങ്ങിയത്. വനം വകുപ്പ് നൽകിയ സ്റ്റോപ് മെമോ പിൻവലിച്ച് വീട് നിർമ്മാണം തുടരുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഉപരോധ സമരം ആരംഭിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിൻ ഇടപ്പെട്ടത്. വനം വകുപ്പ് ഉന്നയിക്കുന്ന തടസങ്ങൾ എന്താണെന്ന് പരിശോധിച്ച് പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണുമെന്ന് കുടുംബങ്ങൾക്ക് മന്ത്രി ഉറപ്പ് നൽകി. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യ ഗഡുവായി ലഭിച്ച 40000 രൂപ ഉപയോഗിച്ച് ഉണ്ടായിരുന്ന വീടുകൾ പൊളിച്ച് അടിത്തറ നിർമ്മിച്ചപ്പോഴാണ് കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർമ്മാണം നടക്കുന്നത് ആദിവാസികൾക്ക് വനാവകാശ രേഖ പ്രകാരം പതിച്ച് നൽകിയ ഭൂമിയിലാണെന്ന് കോവിൽമല രാജാവ് പരാതി നൽകിയത്. ഡി.എഫ്.ഒയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അയ്യപ്പൻകോവിൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ ഗുണഭോക്താക്കൾക്കും പഞ്ചായത്തിനും നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോയും നൽകുകയായിരുന്നു. എന്നാൽ ലാൻഡ് രജിസ്റ്ററിൽ ഈ പ്രദേശം തേക്ക് പ്ലാന്റേഷനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.