തൊടുപുഴ: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന സമരങ്ങളെ തുടർന്നുള്ള ഗതാഗത നിയന്ത്രണത്തിൽ നട്ടംതിരിഞ്ഞ് ജനം. ടൗണിൽ പല സംഘനകളുടെയും രാഷ്ട്രീയപാർട്ടികളുടെയും സമരങ്ങളും മാർച്ചും നടക്കുമ്പോൾ റോഡിലുണ്ടാകുന്ന കുരുക്കിൽപ്പെട്ട് ജനം വലയുന്ന അവസ്ഥയാണ്. പൊലീസിന്റെ ഗതാഗത നിയന്ത്രണം മൂലം പലപ്പോഴും വാഹനങ്ങൾ നഗരം മുഴുവൻ വട്ടംചുറ്രേണ്ട സ്ഥിതിയാണ്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതറിയാതെ ടൗണിലെത്തുന്ന ജനങ്ങൾക്ക് സമയനഷ്ടവും പണ നഷ്ടവും ഉണ്ടാകുന്ന സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച മാത്രം പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ഒട്ടേറെ പ്രകടനങ്ങളാണ് നഗരത്തിൽ അരങ്ങേറിയത്. ഇതോടെ രാവിലെ മുതൽ വൈകിട്ട് വരെ പല ജംഗ്ഷനുകളിലും വാഹനത്തിരക്കിൽ ജനം വലയുന്ന സ്ഥിതിയാണ്. പ്രധാന പാതകളിൽ പ്രകടനങ്ങൾ നടക്കുന്നതോടെ വാഹനങ്ങൾ പല വഴിയ്ക്കും പൊലീസ് തിരിച്ചു വിടും. അതിനാൽ പുറമെ നിന്നെത്തുന്ന വാഹന യാത്രക്കാർ ടൗണിൽ വഴിയറിയാതെ വട്ടം കറങ്ങും. കൃത്യമായ വഴി പറഞ്ഞു കൊടുക്കാൻ പോലും ഗതാഗത നിയന്ത്രണച്ചുമതലയുള്ള പൊലീസുകാർ തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ജനങ്ങൾക്ക് എത്തേണ്ടയിടങ്ങളിലേക്ക് പോകാൻ ആവശ്യമായ സമാന്തര റോഡുകൾ ഇല്ലാത്തതാണ് വലിയ ബുദ്ധിമുട്ടിനിടയാക്കുന്നത്. പ്രകടനങ്ങൾ മൂലം പലപ്പോഴും ഗതാഗതം വഴി തിരിച്ചു വിടുന്നതോടെ തൊടുപുഴ നഗരം ട്രാഫിക് കുരുക്കിൽ വീർപ്പു മുട്ടും. ഏതാനും ദിവസങ്ങളായി തലങ്ങും വിലങ്ങും വാഹനങ്ങൾ നിറഞ്ഞ് നഗരം ഗതാഗതക്കുരുക്കിൽ വലയുകയാണ്. കഴിഞ്ഞ ദിവസം മോർ ജംഗ്ഷനിലും അമ്പലം ബൈപാസ് റോഡിലും മൂവാറ്റുപുഴ റോഡിലും ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ വലഞ്ഞു. മുനിസിപ്പൽ ബസ് സ്റ്റാൻഡു മുതൽ ഗാന്ധിസ്‌ക്വയർ വരെ വാഹനത്തിരക്കിൽ ജനങ്ങൾ വീർപ്പു മുട്ടി. ബസുകൾ വഴി തിരിച്ചു വിടുന്നതിനാൽ യാത്രക്കാർക്ക് പലപ്പോഴും അവർക്കിറങ്ങേണ്ട സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നും പരാതിയുയർന്നു. ഇതു മൂലം ബസിറങ്ങിയതിനു ശേഷം ഓട്ടോ വിളിച്ചാണ് യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്തിയത്.
ഗതാഗത നിയന്ത്രണം അറിയിക്കാറില്ല
വലിയ സമരങ്ങളോ ജാഥയോ മറ്റോ ഉണ്ടെങ്കിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് തലേദിവസം തന്നെ പല നഗരങ്ങളിലും അറിയിക്കാറുണ്ട്. എന്നാൽ തൊടുപുഴയിൽ അങ്ങനൊരു സംവിധാനമില്ല. തിരക്കേറിയ നഗരത്തിൽ പല റോഡുകളിലും മുന്നറിയിപ്പില്ലാതെയാണ് ഗതാഗതം വഴി തിരിച്ചു വിടുന്നത്. റോഡിലെ തടസമറിയാതെ വാഹനം ഓടിച്ചെത്തുമ്പോഴാണ് ഗതാഗതം വഴി തിരിച്ചു വിടുന്ന വിവരം പലരും അറിയുന്നത്. ഇത് മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.