മൂന്നാർ: ദേവികുളം റേഞ്ചിന് കീഴിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയ സംഭവം ഒരാഴ്ചയോട് അടുക്കുമ്പോഴും ഇരുട്ടിൽത്തപ്പി വനം വകുപ്പ്. വനംവകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ള സ്ഥലത്ത് നിന്നാണ് 1200ൽ അധികം കിലോഗ്രാം ഭാരമുള്ള കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന ശേഷം ഇറച്ചി മുറിച്ച് കടത്തിയത്. ഓൾഡ് ദേവികുളത്തെ സെൻട്രൽ നഴ്‌സറിയ്ക്ക് സമീപം റോഡരികിൽ നിന്നാണ് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിനോദ സഞ്ചാരികളും വനംവകുപ്പ് ഉദ്യോഗസ്ഥരും തലങ്ങും വിലങ്ങും പായുന്ന സ്ഥലത്തുണ്ടായ വന്യമൃഗവേട്ടയ്ക്ക് പിന്നിൽ വലിയൊരു സംഘം തന്നെ ഉണ്ടെന്നാണ് സൂചന. സമാനമായി ഫെബ്രുവരി 15ന് അടിമാലി റേഞ്ചിൽ ഉൾപ്പെടുന്ന മച്ചിപ്ലാവ് സെക്ഷനിലെ നെല്ലിപ്പാറ വനവാസി കോളനയോട് ചേർന്ന് കാട്ടുപോത്തിന്റെ തലയും തോലുമടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. പിന്നീടാണ് കെണിവച്ച് പിടിച്ച ശേഷം വെടിവച്ച് കൊന്ന് ഇറച്ചി മുറിച്ച് കടത്തിയതാണെന്ന് കണ്ടെത്തിയത്. ഈ കേസിൽ 15 ഓളം പ്രതികൾ പിടിയിലായെങ്കിലും മുഖ്യപ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ വേട്ട നടത്തി ഇറച്ചി മുറിച്ചെടുത്ത് വിൽക്കുന്ന വലിയൊരു സംഘം തന്നെ ഇതിന് പിന്നിൽ മൂന്നാർ മേഖല കേന്ദ്രീകരിച്ച് ഉണ്ടെന്ന സൂചന കൂടിയാണ് നൽകുന്നത്. മൂന്നാർ ഡി.എഫ്.ഒ ഓഫീസിൽ നിന്ന് ഒരു കിലോ മീറ്റർ മാത്രം അകലെയാണ് വേട്ട നടന്ന സ്ഥലം. അരുവിക്കാട് സെക്ഷൻ ഓഫീസും ഇതിന് സമീപത്താണ്. ദേവികുളം പൊലീസ് സ്റ്റേഷന് മുന്നിലൂടെയും ഇവടേക്ക് എത്താനാകും. വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയാതെ ഇവിടെ നിന്ന് കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്താനാകില്ലെന്ന് ഇവിടെ ജോലി ചെയ്തവരും സാക്ഷ്യപ്പെടുത്തുന്നു. വെടിവച്ച് കൊന്ന് തൊലിയുരിച്ച് കടത്താൻ മണിക്കൂറുകൾ എടുക്കും. ഇതിനായി നിരവധി പേരുടെ സഹായവും ആവശ്യമായി വരും. കേസ് അന്വേഷണത്തിനായി മൂന്നാർ ഡി.എഫ്.ഒ പ്രത്യേക സംഘത്തെ നയോഗിച്ചിട്ടുണ്ട്.
കടത്തിയത് എങ്ങോട്ട്
പിക്ക് അപ്പ് ജീപ്പിലാണ് ഇറച്ചി കടത്തിയിരിക്കുന്നത്. സമീപത്തെ റോഡിൽ വാഹനം തിരിച്ച പാടുകളും കണ്ടെത്തിയിരുന്നു. മുറിച്ചെടുത്ത ഇറച്ചി പലപ്പോഴും പെട്ടെന്ന് പിടിക്കപ്പെടാതെ ഇരിക്കാൻ പരിചയമുള്ളവർക്ക് മാത്രമാണ് നൽകുക. കൂടുതലും ഇറച്ചി ഉണക്കിയാണ് വിൽപ്പന നടത്തുക. 2500- 3000 രൂപ വരെയാണ് ഉണക്ക ഇറച്ചിക്ക് വില. ഇവ അധികവും വൻകിട റിസോർട്ടുകൾ വഴിയാകും വിൽപ്പന നടത്തുക. കാട്ടുപോത്തിന്റെ ഇറച്ചിക്കൊപ്പം കാട്ടുപന്നി, മ്ലാവ്, മുള്ളപന്നി തുടങ്ങിയവയേയും വേട്ടയാടി വലിയ തോതിൽ വിൽപ്പന നടത്തുന്നുണ്ടെന്നാണ് റപ്പോർട്ടുകൾ. എന്നാൽ വിരളിലെണ്ണാവുന്ന കേസുകൾ മാത്രമാണ് പിടിക്കപ്പെടുന്നത്. പിടിക്കപ്പെടുന്നതിൽ അധികവും സാധാരണ കർഷകരുമാകും. എന്നാൽ ലക്ഷങ്ങളുടെ ഇറച്ചി വിൽപ്പന നടത്തുന്നവരെ ഇനിയും പിടികൂടാൻ വനംവകുപ്പിനായിട്ടില്ല.