മൂലമറ്റം: ബൊലോറോയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8.30ന് മൂലമറ്റം സെന്റ് ജോർജ് പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെല്ലാം പൂമാല,​ കൂവക്കണ്ടം സ്വദേശികളാണ്. ഗുരുതരമായി പരിക്കേറ്റ ഗോകുലിനെ കോലഞ്ചേരി മെഡിക്കൽ കോളജിലേയ്ക്കും സുധീഷിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ശരത്, വിഷ്ണു, വിപിൻ എന്നിവർ മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോറിക്ഷയുടെ മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുളമാവിൽ തടിപ്പണിയ്ക്ക് പോയ ശേഷം മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ ഓട്ടോറിക്ഷയ്ക്ക് സാരമായ കേട് സംഭവിച്ചു. കാഞ്ഞാർ പൊലീസ് മേൽനടപടി സ്വീകരിച്ചു.