കട്ടപ്പന : നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിനായി ലേലം ചെയ്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും നേടിയ അനുകൂല വിധി നഗരസഭ നടപ്പാക്കി. ഇന്നലെ രാവിലെ 10.30 ഓടെ നഗരസഭാ എഞ്ചിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ പഴയ ബസ് സ്‌റ്റാൻഡിൽ എത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി അടയാളപ്പെടുത്തി കരാറുകാരന് നൽകി.പൊലീസ് സംരക്ഷണയിലായിരുന്നു നടപടി.ഇതിനിടെ ഏതാനും സി പി എം പ്രവർത്തകരും വ്യാപാരികളും അടയാളപ്പെടുത്തുന്ന നടപടി തടസ്സപ്പെടുത്താനായി എത്തിയെങ്കിലും പൊലീസ് ഇവരിൽ നാല് പേരെ കരുതലായി അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് വലിയ സന്നാഹമാണ് പൊലീസ് ഏർപ്പെടുത്തിയിരുന്നത്.ഏതാനും നാളുകൾക്ക് മുൻപാണ് നഗരസഭയുടെ കീഴിലുള്ള സ്ഥലം വെറുതെയിട്ടാൽ ഓഡിറ്റ് സമയത്ത് വിശദീകരണം നൽകണമെന്ന് ചൂണ്ടിക്കാട്ടി നഗരസഭ പഴയ ബസ് സ്റ്റാൻഡ് പ്രസാദ് പുത്തൻപുരയ്ക്കൽ എന്ന വ്യക്തിയ്ക്ക് പാർക്കിങിനായി ലേലം വിളിച്ച് നൽകിയത്. എന്നാൽ വ്യാപാരികൾ എതിർപ്പുമായി രംഗത്തെത്തി. തുടർന്ന് വ്യാപാരികൾ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് പാർക്കിങ് നടപ്പാക്കുമെന്ന് പറഞ്ഞ നഗരസഭാ അധികൃതർ പഴയ ബസ് സ്റ്റാൻഡിൽ പാർക്കിങിനുള്ള സ്ഥലം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അളന്ന് തിരിച്ചിരുന്നു.എന്നാൽ സി.പി.എം. പ്രവർത്തകരും വ്യാപാരികളും ചേർന്ന് അവ പിഴുതുമാറ്റുകയും ചെയ്തു. തുടർന്ന് നഗരസഭ നിയമ നടപടികളുമായി മുന്നോട്ടു പോകുകയും പാർക്കിങ് ഫീസ് പിരിയ്ക്കുന്ന കാര്യത്തിൽ അനുകൂലമായ കോടതി വിധി നേടിയെടുക്കുകയുമായിരുന്നു. എന്നാൽ പാർക്കിങ് ഫീസ് പിരിക്കാൻ നഗരസഭ സൗകര്യം ചെയ്യാത്തതിനാൽ അടച്ച തുക തിരികെ ലഭിയ്ക്കണമെന്ന് ബസ് സ്റ്റാൻഡ് ലേലം വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ അടച്ച പണം തിരികെ നൽകാൻ നിയമപരമായി തടസ്സമുണ്ടാകുമെന്ന അഭിപ്രായത്തെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻകൗൺസിൽ തീരുമാനമെടുത്തത്.തുടർന്നാണ് ഇന്നലെ പൊലീസ് സംരക്ഷണത്തിൽ നഗരസഭ പഴയ സ്റ്റാൻഡ് കരാറുകാരന് അടയാളപ്പെടുത്തി നൽകിയത്.