തൊടുപുഴ: പാവങ്ങൾക്ക് സൗജന്യമായി കിടപ്പാടമൊരുക്കുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയായ ജില്ലയിൽ ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയ്ക്കെതിരെ പരാതി പ്രളയം. ഒന്നാം ഘട്ട അപ്പീൽ നൽകാനുള്ള സമയം അവസാനിച്ചപ്പോൾ 4,743 ആക്ഷേപങ്ങളാണ് ലഭിച്ചത്. പട്ടികയിൽ അനർഹർ കടന്നുകൂടിയത് സംബന്ധിച്ച ആക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. രണ്ടാംഘട്ടമായ സൂപ്പർ പരിശോധന പൂർത്തിയായപ്പോൾ 35,578 പേരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 24,383 പേർ ഭൂമിയുള്ളവരും 11,195 പേർ ഭൂമിയില്ലാത്തവരുമാണ്. ആകെ 58,716 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ സർക്കാർ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തി നടത്തിയ പരിശോധനയിൽ ആദ്യഘട്ടത്തിൽ 38,730 കുടുംബങ്ങൾ അർഹരാണെന്ന് കണ്ടെത്തി. എന്നാൽ ഒരു വാർഡിൽ അപേക്ഷകരുടെ 40 ശതമാനത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ടാകരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ സൂപ്പർ പരിശോധനയിൽ 3152 പേർ കൂടി പുറത്തായി. വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി വിവിധ വാർഡുകളിൽനിന്നുള്ള അപേക്ഷകൾ പുനഃപരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർ പുറത്തായത്. ജൂൺ പത്തിന് പ്രസിദ്ധീകരിച്ച ഈ കരട് പട്ടികക്കെതിരെയാണ് ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാർക്കായി 4743 അപ്പീൽ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12 വരെയായിരുന്നു ആദ്യഘട്ട അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി. കരട് പട്ടികയുമായി ബന്ധപ്പെട്ട അപ്പീലുകളും ആക്ഷേപങ്ങളും ജൂൺ 29നകം തീർപ്പാക്കും. തുടർന്നുള്ള ഗുണഭോക്തൃ പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട അപ്പീലിനും അവസരമുണ്ട്. ജില്ലാ കളക്ടർക്കാണ് ഈ അപ്പീൽ നൽകേണ്ടത്. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാംഘട്ടത്തിൽ നൽകാൻ അവസരമുണ്ട്. രണ്ടാം ഘട്ട അപ്പീൽ തീർപ്പാക്കി ജൂലായ് 15ന് കരട് പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

'കരട് പട്ടികക്ക് ജൂലായ് 30നകം ഗ്രാമസഭകളുടെയും ആഗസ്റ്റ് മൂന്നിനകം തദ്ദേശസ്ഥാപന ഭരണസമിതികളുടെയും അംഗീകാരം നേടേണ്ടതുണ്ട്. തുടർന്ന് ആഗസ്റ്റ് പകുതിയോടെ വെബ്‌സൈറ്റിൽ ഉൾപ്പെടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും.'

ലൈഫ് മിഷൻ ജില്ലയിൽ

ആകെ അപേക്ഷകർ- 58,716

അർഹരായവർ ആകെ- 35,578

വീടില്ലാത്തവർ- 24,383

വീടും ഭൂമിയും ഇല്ലാത്തവർ- 11,195