തൊടുപുഴ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് ജില്ലയിൽ 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും യോഗാ പരിപാടികൾ അവതരിപ്പിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'സ്വസ്ഥഭാരത് ശ്രേഷ്ഠ ഭാരത്" എന്ന മുദ്രാവാക്യം ഉയർത്തി ഭാരതത്തിലെ 75,​000 കേന്ദ്രങ്ങളിൽ നടക്കുന്ന യോഗാ ദിന പരിപാടികളുടെ ഭാഗമായാണ് പരിപാടികൾ നടക്കുന്നത്. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന് തൊടുപുഴ ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ജില്ലയിലാകമാനം പ്രക്ഷോഭ, പ്രചരണ പരിപാടികൾക്ക് രൂപം നൽകാൻ ജില്ലാ സമിതിയുടെ സമ്പൂർണ്ണ സമ്മേളനം തീരുമാനിച്ചു. സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ജനകീയ വിചാരണ സംഘടിപ്പിക്കും. ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനമായ 23 മുതൽ ജൂലായ് ആറ് വരെ തീവ്രവാദത്തിനെതിരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ജനജാഗരണ സദസുകൾ സംഘടിപ്പിക്കും. അടിയന്തിരാവസ്ഥ ദിനാചരണത്തോടനുബന്ധിച്ച് 25ന് അടിയന്തിരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ പോരാളികളെ ആദരിക്കും. ജില്ലയിലെ ബഫർസോൺ പട്ടയവിഷയങ്ങളിൽ ഇടതു വലതു മുന്നണികൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ സമ്മേളനം പ്രമേയം പാസാക്കി. 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനാവശ്യമായ നിയമ നിർമ്മാണം നടത്തി ജനങ്ങളുടെ ആശങ്കൾ അകറ്റാൻ സർക്കാർ തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന സമിതി അംഗം പി.പി. സാനു, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് എസ്. എന്നിവർ പങ്കെടുത്തു.