തൊടുപുഴ/ കട്ടപ്പന: സാധാരണക്കാരെ വലച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് വൻ ക്ഷാമം നേരിട്ടിട്ടും ഇതെല്ലാം വ്യാജ പ്രചരണമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ തള്ളുകയാണ്. എന്നാൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള ആശുപത്രികളിൽ ജലദോഷ പനിയ്ക്ക് നൽകുന്ന പാരസെറ്റാമോൾ അടക്കമുള്ള ഗുളികകൾ തീർന്ന അവസ്ഥയിലാണെന്നാണ് സത്യം. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് ഏറ്റവും ക്ഷാമം നേരിടുന്നത്. ആന്റി ബയോട്ടിക്കുകളുടെ ലഭ്യതയും കുറവാണ്. കുട്ടികൾക്കുണ്ടാകുന്ന അലർജിക്ക് നൽകുന്ന മോണ്ടകോപ്പ് സിറപ്പ്, സിട്രിസിൻ സിറപ്പ്, പാരസെറ്റാമോൾ സിറപ്പ്, മൂക്കിലൊഴിക്കുന്ന സലൈൻനാസൽ, അസ്തലിൻ തുടങ്ങിയവ പല ആശുപത്രികളിലും ലഭ്യമല്ല. പ്രമേഹ രോഗികൾക്ക് കുത്തിവയ്ക്കുന്ന ഇൻസുലിന്റെ സ്റ്റോക്കും ഒരു മാസത്തിനുള്ളിൽ തീരുമെന്നാണ് ഹൈറേഞ്ചിലുള്ള സർക്കാർ ആശുപത്രി അധികൃതർ പറയുന്നത്. മെറ്റ്‌ഫോർമിൻ ഗുളികയും പലയിടത്തും ലഭിക്കുന്നില്ല. കഴിഞ്ഞ ഒരു മാസമായി കേരള മെഡിക്കൽ സർവ്വീസസ് കോർപറേഷൻ വഴിയുള്ള മരുന്ന് വിതരണം നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കുള്ള പ്രമേഹ രോഗികൾക്കുള്ള ഇൻസുലിൻ വിതരണം വെട്ടിച്ചുരുക്കിയതായും പറയുന്നു. മുറിവിന് വെച്ച് കെട്ടുന്നതിനുള്ള ബെറ്റാഡിൻ മരുന്നിനും കിട്ടാനില്ലാത്തത് അപകടത്തിലടക്കം പരിക്കേറ്റു വരുന്നവരെ ചികിത്സിക്കുന്നതിനും പ്രതിസന്ധി നേരിടുന്നുണ്ട്. മുറിവ് തുന്നിക്കെട്ടാൻ ഉപയോഗിക്കുന്ന വസ്തുവകകൾ പോലും മിക്കവാറും ആശുപത്രികളിൽ ഇല്ല. ക്ഷാമം രൂക്ഷമായതോടെ ചില താലൂക്ക് ആശുപത്രികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രോജക്ട് ഫണ്ടായി അനുവദിച്ച പണം ഉപയോഗിച്ച് പ്രാദേശിക വിപണിയിൽ നിന്ന് മരുന്നുകൾ വാങ്ങി ക്ഷാമം പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ട്. സാധാരണക്കാരും തോട്ടം തൊഴിലാളികളുമാണ് ജില്ലയിലെ സർക്കാർ ആശുപത്രികളെ കൂടുതലായി ആശ്രയിക്കുന്നത്. ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് മിക്കവാറും ഡോക്ടർമാർ പുറമേ നിന്ന് വാങ്ങാൻ എഴുതി നൽകുകയാണ്. ഡോക്ടർമാർ എഴുതി നൽകുന്ന മരുന്നുകൾ പുറത്തെ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങണമെങ്കിൽ അമിത വില നൽകണം. മാത്രമല്ല ഡോക്ടർ നിർദ്ദേശിക്കുന്ന അതേ മരുന്ന് ലഭിക്കുകയുമില്ല. കമ്പനി മാറുമ്പോൾ വിലയിലും വർദ്ധനയുണ്ടാകുന്നുണ്ട്. മഴക്കാലമെത്തിയതോടെ പകർച്ചവ്യാധികൾ ബാധിച്ചവരടക്കം നിരവധി പേരാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ദിനംപ്രതിയെത്തുന്നത്. ക്ഷാമം പരിഹരിക്കാൻ ചില മരുന്നുകൾ സ്റ്റോക്ക് കൂടുതലുള്ള ആശുപത്രിയിൽ നിന്ന് കുറവുള്ളിടത്തേയ്ക്ക് എത്തിക്കുന്നുമുണ്ട്.
എന്ന് വരുമെന്നറിയില്ല
ഏപ്രിൽ, മേയ് മാസങ്ങളിൽ വിവിധ ആശുപത്രികളിൽ ലഭിക്കേണ്ട മരുന്നുകൾ പോലും ഇപ്പോഴും എത്തിയിട്ടില്ല. കട്ടപ്പന താലൂക്ക് ആശുപത്രി 600 ഓളം ഇനത്തിലുള്ള മരുന്നുകൾക്കുള്ള ഓർഡറാണ് കെ.എം.എസ്.സി.എലിന് നൽകിയിരിക്കുന്നത്. എന്നാൽ ഇവ എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് ആശുപത്രി അധികൃതർക്കും അറിയിപ്പ് ലഭിച്ചിട്ടില്ല.
"ജില്ലയിൽ മരുന്നുകളുടെ കുറവുണ്ടെന്ന് വ്യാജ പ്രചരണം വ്യാപകമായിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോൾ മരുന്നുകളുടെ കുറവ് കണ്ടെത്താനായില്ല. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിലും അന്വേഷിച്ചു. മരുന്നുകൾക്ക് ഒരു കുറവും ഇല്ലെന്നാണ് അറിയിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാജ പ്രചാരണമാണ് നടക്കുന്നത്"
-ജില്ലാ മെഡിക്കൽ ഓഫീസർ