
മറയൂർ: മറയൂരിൽ നിന്ന് വീണ്ടും രണ്ട് ചന്ദന മരങ്ങൾ മുറിച്ചുകടത്തി. ഇന്നലെ രാത്രി മറയൂർ നാച്ചിവയൽ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് രണ്ട് വലിയ ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്. ഒരു മാസത്തിനുള്ളിൽ മറയൂർ മേഖലയിൽ നിന്ന് പത്തിലധികം ചന്ദനമരങ്ങളാണ് മോഷണം പോയത്. മോഷണം നടന്ന നാച്ചിവയൽ പ്രദേശം മറയൂർ, നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനുകളുടെ സമീപത്താണ്. നിരവധി വാച്ചർമാരും പെട്രോളിങ്ങും നടക്കുന്ന മേഖലയിൽ നിന്നുമാണ് ചന്ദന മരങ്ങൾ മോഷണം പോയിരിക്കുന്നത്. സ്വകാര്യ ഭൂമിയിൽ നിന്ന് ചന്ദനം മോഷണം പോയാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയോ അന്വേഷണമോ നടത്താറില്ല. ഇത് ചന്ദനക്കടത്തുകാർ സജീവമാകുന്നതിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം മോഷണം പോയ ചന്ദന മരങ്ങൾ പത്ത് ലക്ഷത്തിലധികം രൂപ വിലമതിക്കുന്നതാണ്. ഉടമസ്ഥർ വനം വകുപ്പ് ഓഫീസിൽ പരാതി നൽകി.