മൂന്നാർ: കൊളുന്ത് കൂടുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് തോട്ടംതൊഴിലാളിയെയും ഭർത്താവിനെയും ഫീൽഡ് ഓഫീസർ മർദ്ദിച്ചതായി പരാതി. ചെണ്ടുവരൈ എസ്റ്റേറ്റിൽ വട്ടവട ഡിവിഷനിൽ രവി (38), ഭാര്യ സുഗിത (31) എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുഗിത 30 കിലോ കൊളുന്താണ് രാവിലെ 11 വരെ എടുത്തത്. എന്നാൽ ഫീൽഡ് ഓഫീസർ 100 കിലോ കൊളുന്ത് എടുക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടർന്ന് യുവതി 80 കിലോ കൊളുന്ത് എടുത്തെങ്കിലും അന്നേ ദിവസം ഹാജർ നൽകിയില്ല. സംഭവം യുവതി ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത കുമാറിനെ അറിയിച്ചു. ശനിയാഴ്ച പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം യുവതി ഭർത്താവിനൊപ്പം ജോലിക്കുപോയി. ഉച്ചയോടെ ഭർത്താവ് രവി 90 കിലോ കൊളുന്ത് എടുത്തെങ്കിലും നൂറ് കിലോ എടുക്കണമെന്ന് ഫീൽഡ് ഓഫീസർ ആവശ്യപ്പെട്ടു. ഈ സമയം സുഗിത എടുത്ത കൊളുന്ത് ഭർത്താവിന് നൽകിയതാണ് പ്രശ്‌നങ്ങൾക്ക് കാരണം. അനുവാദമില്ലാതെ കൊളുന്ത് മാറ്റിയത് സംബന്ധിച്ച് ഫീൽഡ് ഓഫീസർ ബെന്നി രവിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും അത് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിൽപ്പെട്ട സുഗിതയ്ക്കും പരിക്കേൽക്കുകയായിരുന്നു. സുഗിതയെ ഫീൽഡ് ഓഫീസർ ഷൂ ഇട്ട കാൽ കൊണ്ട് വയറ്റിൽ ചവിട്ടുകയും ചെയ്തെന്നാണ് പരാതി. ഇവർ മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ദമ്പതികളാണ് ആക്രമണം നടത്തിയതെന്ന് ആരോപിച്ച് ഫീൽഡ് ഓഫീസർ ബെന്നി (30) മൂന്നാർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും നൽകിയ പരാതിയിൽ കേസെടുത്ത മൂന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.