തൊടുപുഴ: നാളെ നടക്കുന്ന മലങ്കര ടൂറിസം ഹബ്ബിന്റെ ജനറൽ കൗൺസിൽ യോഗ തീരുമാനം അറിയാൻ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്. മുട്ടം എം വി ഐ പി ഐ ബിയിൽ നാളെ രാവിലെ 10.30 നാണ് യോഗം ചേരുന്നത്.മലങ്കര ഹബ്ബിന്റെ ഉദ്ഘാടനത്തിന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് ജനറൽ കൗൺസിൽ യോഗം ചേർന്നത്. കോടികളുടെ വികസന പദ്ധതികൾ ഓരോ കാലഘട്ടത്തിലും മലങ്കരയിലേക്ക് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതെല്ലാം അവിടെ അവസാനിക്കുകയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി.ഹബ്ബിന്റെ ഉദ്ഘാടനത്തിന് ശേഷം മറ്റ് വികസന പദ്ധതികൾ ഒന്നും ഇവിടെ നടപ്പാക്കാത്തത്തിൽ നാട്ടുകാരിൽ വ്യാപകമായ അമർഷവുമുണ്ട്.
ബോട്ട് സർവീസ്.....
കോടികളുടെ ബോട്ട് സർവീസ് പ്രഖാപിച്ചിട്ട് എന്തായി എന്ന് ആർക്കും അറിയാത്ത അവസ്ഥയാണ്.എന്നാൽ വെള്ളം മലിനമാകാത്ത പെഡൽ ബോട്ട് / കുട്ട വഞ്ചി സർവീസ് കുറഞ്ഞ ചിലവിൽ ആരംഭിക്കാൻ കഴിയുംസംസ്ഥാന മത്സ്യ ഫെഡ് കോർപ്പറേഷന്റെ കീഴിൽ ഇത്തരത്തിലുള്ള ടൂറിസം പദ്ധതി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.കേരള ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും ഇത്തരത്തിലുള്ള പദ്ധതികളുണ്ട്.ഹബ്ബിന് നേരിട്ട് ബോട്ട് സർവീസ് ആരംഭിക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ സർക്കാർ അനുവദിച്ച പൊതുജന പങ്കാളിത്ത പദ്ധതി പ്രകാരവും ഇത് നടപ്പിലാക്കാനുള്ള ശ്രമം നടത്തണം.തൊടുപുഴ നഗരസഭ പാർക്ക് ഇത്തരത്തിലാണ് പ്രവർത്തിക്കുന്നതും.മലങ്കരയിൽ പെഡൽ ബോട്ട് / കുട്ട വഞ്ചി പ്രാവർത്തികമായാൽ ഹബ്ബിന് സാമ്പത്തിക മെച്ചവും ഏതാനും ആളുകൾക്ക് ഉപജീവന മാർഗവും ഉണ്ടാകും.ഹബ്ബിൽ സ്വകാര്യ റിസോർട്ടിന് പിന്നിൽ ഔഷധ സസ്യങ്ങൾ നട്ടതിന് സമീപം വെള്ളം കെട്ടി കിടക്കുന്ന ഭാഗത്ത് പെഡൽ ബോട്ട് / കുട്ട വഞ്ചി സംവിധാനം ഒരുക്കാൻ കഴിയും.