തൊടുപുഴ: ജില്ലയിലെ അദ്ധ്യാപക സംഘടനാ പ്രവർത്തകരുടെ അനുഭവങ്ങളും പ്രവർത്തനങ്ങളും പങ്കുവയ്ക്കുന്ന ലേഖനങ്ങളുടെ സമാഹാരമായ 'മലനിരകളിലെ സമരപാതകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം 25ന് രാവിലെ 10ന് തൊടുപുഴ ഡയറ്റ് യു.പി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ സംഘടന പ്രവർത്തന ചരിത്രവഴികളിലൂടെ കടന്നു പോകുന്ന മുപ്പതോളം ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അദ്ധ്യാപകരുടെ ജോലി സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി നടത്തിയ സമരങ്ങൾ, പൊതു വിദ്യാലയങ്ങളുടെ മികവിനായി നടത്തിയ അക്കാദമിക പ്രവർത്തനങ്ങൾ, യുവജനോത്സവങ്ങൾ, കായികമേളകൾ, ഇതരസംഘടനകളുമായി യോജിച്ചുനടത്തിയ സാമൂഹ്യ ഇടപെടലുകൾ, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണ പ്രസ്ഥാനം തുടങ്ങിയ ജില്ലയിലെ വിവിധ പ്രവർത്തനങ്ങളും ഇതിൽ സംഘടനാപ്രവർത്തകർ വഹിച്ച പങ്കും ജില്ലയിലെ വിദ്യാഭ്യാസ സാമൂഹ്യ വികസനത്തിലെ പുസ്തകത്തിൽ രേഖപെടുത്തും. പുസ്തകത്തിന്റെ പ്രകാശനം കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സോണി കോമത്ത് നിർവ്വഹിക്കും. ജനറൽ സെക്രട്ടറി ടി.എൻ ശിവരാജൻ പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ ചെറുകാടിന്റെ മകനും കെ.എസ്.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.പി. രമണൻ പുസ്തകം പരിചയപ്പെടുത്തും. ഇതോടനുബന്ധിച്ച് മുൻകാല അദ്ധ്യാപകരുടെ സംഗമത്തിൽ ജില്ലയിലും മറ്റ് ജില്ലകളിലുമുള്ള അദ്ധ്യാപകർ പങ്കെടുക്കും. സംഗമത്തിൽ അദ്ധ്യാപക സർവ്വീസ് സംഘടനാ നേതാക്കൾ സംസാരിക്കും. വാർത്താസമ്മേളനത്തിൽ പ്രസാധക കമ്മിറ്റി കൺവീനർ വി.വി. ഫലിപ്പ്, അംഗങ്ങളായ വി.വി. ഷാജി, എം.എം. മാത്യു എന്നിവർ പങ്കെടുത്തു.