മുട്ടം: മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണു.മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ - ഐ എച്ച് ഡി പി കോളനി റോഡിനോട് ചേർന്നുള്ള വലിയ വാക മരത്തിന്റെ ശിഖരമാണ് ഇന്നലെ ഉച്ചക്ക് ശേഷം 2 മണിയോടെ ഒടിഞ്ഞ് റോഡിലേക്ക് വീണത്.തൊട്ടടുത്തുള്ള വീടിന്റെ സമീപത്തേക്ക്‌ വീഴാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഏതാനും വർഷങ്ങളായി മരം അപകടാവസ്ഥയിലാണ്.ഇത്‌ സംബന്ധിച്ച് പ്രദേശവാസികൾ സംഘടിച്ച് വിവിധ തലങ്ങളിൽ പരാതികൾ നൽകിയെങ്കിലും അധികൃതർ ആരും തിരിഞ്ഞ് നോക്കിയില്ല. അപകടാവസ്ഥയിലായ മരം എം വി ഐ പി വക സ്ഥലത്താണ് നിൽക്കുന്നത്.ഇതേ തുടർന്ന് വാർഡ് മെമ്പർ സൗമ്യ സാജിബിൻ വിവരം മുട്ടം എം വി ഐ പി അധികൃതരെ അറിയിച്ചിരുന്നെങ്കിലും മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ ഫണ്ടില്ല എന്ന് പറഞ്ഞ് എം വി ഐ അധികൃതർ കൈ ഒഴിഞ്ഞു.

ചുള്ളിക്കമ്പ് പോലും

എടുക്കരുത്

മരം ചുവടോടെ മുറിക്കാതെ സ്വന്തം പണം മുടക്കി അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മാത്രം മുറിച്ച് മാറ്റിക്കോ,എന്നാൽ മുറിച്ച് മാറ്റുന്ന ചുള്ളിക്കമ്പ് പോലും എടുത്തോണ്ട് പോകരുത് എന്നുള്ള ഒരു ഉപദേശവും എം വി ഐ പി അധികൃതർ നൽകാനും മറന്നില്ല.

മരത്തിന്റെ അടുത്ത് താമസിക്കുന്ന നിർധനരായ കുടുംബക്കാർ 5000 രൂപയോളം മുടക്കി ഏതാനും ശിഖരങ്ങൾ 6 മാസങ്ങൾക്ക് മുൻപ് മുറിച്ച് മാറ്റിയെങ്കിലും ഇന്നലെ ശിഖരം വീണ്ടും ഒടിഞ്ഞ് വീഴുകയായിരുന്നു.കുട്ടികൾ ഉൾപ്പെടെയുള്ള അനേകം ആളുകൾ എപ്പോഴും സഞ്ചരിക്കുന്ന റോഡിലേക്കാണ് ശിഖരം ഒടിഞ്ഞ് വീണത്.വൈദ്യുതി ലൈനുകൾ പൊട്ടി പോയെങ്കിലും കെ എസ് ഇ ബി ജീവനക്കാർ എത്തി നന്നാക്കി.

മാത്തപ്പാറ ഐ എച്ച് ഡി പി കോളനി റോഡിലേക്ക് ഒടിഞ്ഞു വീണ മരത്തിന്റെ ശിഖരം