കട്ടപ്പന: നഗരസഭയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും പദ്ധതികളും ചർച്ച ചെയ്യുന്നതിനായി മുൻകൂട്ടി തീരുമാനിച്ച വികസന സെമിനാർ നടത്തുന്നതിൽ ഭരണ സമിതിക്കിടയിൽ അഭിപ്രായ വ്യത്യാസം. വിവിധ പദ്ധതികൾക്ക് അന്തിമ രൂപരേഖ തയ്യാറാക്കാനിരിക്കെയാണ് ഭരണകക്ഷിയിലെ ചേരിപ്പോര് വീണ്ടും വില്ലനാകുന്നത്. 27ന് വികസന സമിതി യോഗം ചേരാനിരിക്കെ തർക്കം ഉടലെടുത്തത് മുന്നണിക്കുള്ളിലെ മുൻ ധാരണ പ്രകാരം നിലവിലെ ചെയർപേഴ്‌സൺ രാജി വയ്ക്കാൻ ഒരുങ്ങുന്നതിന് തൊട്ടു മുമ്പാണെന്നതും ശ്രദ്ധേയമാണ്. വികസന സെമിനാറിന് മുമ്പ് വിവിധ തലങ്ങളിൽ നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിയിൽ ഉൾപ്പടെ യാതൊരു ചർച്ചയും നടത്താതെ ആവശ്യമായ യാതൊരു രൂപരേഖയും തയ്യാറാക്കാതെയാണ് സെമിനാർ നടത്തുന്നതെന്നാണ് കോൺഗ്രസിലെ പ്രധാന നാല് കൗൺസിലർമാരുടെ പരാതി. സ്റ്റിയറിങ് കമ്മിറ്റി കൂടി പദ്ധതി രൂപരേഖ തയാറാക്കാതെ സെമിനാർ നടത്തരുതെന്നും ഇവർ ചെയർപേഴ്‌സണിനോട് രേഖാമൂലം ആവശ്യപ്പെട്ടു. ഭരണ സമിതിയുടെ തുടക്കകാലത്തെ തമ്മിൽ പോര് നേതാക്കൾ ഇടപെട്ട് ശമിപ്പിച്ചപ്പോഴാണ് നഗരസഭ അദ്ധ്യക്ഷയുടെ രാജിയോട് അനുബന്ധിച്ച് വീണ്ടും വിവാദങ്ങൾ ഉടലെടുത്ത് തുടങ്ങിയത്. ചില നേതാക്കൾ മനഃപൂർവം നഗരസഭയിലെ ഭരണ സമിതിക്കുള്ളിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പിന്നിൽ രഹസ്യ അജണ്ട
ചെയർപേഴ്‌സൺ ബീനാ ജോബിയുടെ രാജിക്ക് മുമ്പ് വികസന സെമിനാർ നടത്തിക്കാതെയിരിക്കാനുള്ള അജണ്ടയാണ് പുതിയ പരാതി എന്നാണ് എതിർചേരിയുടെ ആക്ഷേപം. കൂടിയാലോചനകൾക്ക് ശേഷമാണ് വികസന സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. ആസൂത്രണ സമിതി മുതൽ വാർഡ് സഭ വരെ ഘട്ടം ഘട്ടമായി യോഗം ചേർന്നാണ് കട്ടപ്പന നഗരസഭ പരിധിയുള്ള പ്രദേശങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങളുടെ കരട് പദ്ധതി രേഖ തയാറാക്കിയത്. ഇത് കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച് അനുമതിയും വാങ്ങിയിരുന്നതായി മറ്റ് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.