ഏലപ്പാറ: എസ് എസ് എൽ സി പരീക്ഷയിൽ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിനെ 100 ശതമാനം വിജയത്തിലെത്തിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂൾ 100 ശതമാനം വിജയത്തിലെത്തുന്നത്. 70 കുട്ടികളായിരുന്നു ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയത്. ഒരാൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ആർ. സഹാസ് അദ്ധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. നിത്യ മുഖ്യപ്രഭാഷണം നടത്തി. ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ശ്രീജയ്ക്ക് എ വി ജി മാനേജിംഗ് ഡയറക്ടർ മാത്യു ജോൺ ക്യാഷ് അവാർഡ് നൽകി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു ഗോപാലൻ, ഉമർ ഫാറൂഖ്, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീപ്, മാത്യു ജോൺ, ആർ. ധനപാൽ, തുടങ്ങിയവർ പങ്കെടുത്തു.