കട്ടപ്പന: സംരക്ഷിത വനാതിർത്തികൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരത്തിൽ ബഫർ സോണാക്കണമെന്ന കോടതി ഉത്തരവിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കർഷക കൂട്ടായ്മയായ ഇൻഫാം സമരത്തിനൊരുങ്ങുന്നു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം ബഫർ സോൺ മോചന സമര പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കട്ടപ്പനയിൽ ഇൻഫാം നേതൃസംഗമ യോഗത്തിലാണ് സമര പ്രഖ്യാപനം. കർഷകർ അടങ്ങുന്ന ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിലകൊള്ളേണ്ടത് കൃഷിക്കാർക്കൊപ്പമായിരിക്കണമെന്ന് വികാരി ജനറാൾ ഓർമ്മപ്പെടുത്തി. കർഷകർക്ക് അനുകൂലമായ തീരുമാനങ്ങൾ എടുക്കേണ്ടതും നിയമ നിർമ്മാണം നടത്തേണ്ടതും ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ബഫർ സോൺ വിഷയമടക്കം കർഷകരുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ കോടതിയെ ബോധ്യപ്പെടുത്താൻ ഇവർക്കാകണം. എന്നാൽ പലപ്പോഴും അവർക്ക് സാധിക്കാതെ വരുന്നത് നിരാശാജനകമാണ്. ഇൻഫാം പോലുള്ള കർഷക കൂട്ടായ്മകൾക്ക് പ്രേരക ശക്തിയാകാനാണ് സാധിക്കുക.ബഫർ സോൺ വിഷയത്തിൽ ഒരുമിച്ച് നിന്ന് പോരാടണം. വനാതിർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ നിലനിർത്തുവാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നാണ് ഇൻഫാം ആവശ്യപ്പെടുന്നത്. കർഷകർക്കൊപ്പം നിൽക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും വികാരി ജനറാൾ വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായി ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലുള്ള കേരളത്തിൽ വനാതിർത്തി വർദ്ധിപ്പിച്ചാൽ ആളുകൾക്ക് താമസിക്കാൻ സ്ഥലമില്ലാതെയാകുമെന്നും ഫാ. ജോസഫ് വെള്ളമറ്റം പറഞ്ഞു. കട്ടപ്പനയിൽ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടന്ന സംഗമത്തിൽ ഇൻഫാം ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. ഇൻഫാം സെക്രട്ടറി പി.വി. മാത്യു പ്ലാത്തറ ആമുഖ പ്രസംഗം നടത്തി. ഫാ. വർഗ്ഗീസ് കുളംപള്ളി, ഫാ. ജയിംസ് വെൺമാന്ത്ര, ഫാ.തോമസ് ഞള്ളിയിൽ, ഫാ. തോമസ് തെക്കേമുറി, ഫാ. റോയി നെടുംതകിടിയേൽ, ഫാ. ജോർജ് അനന്തക്കാട്ട്, സെബാസ്റ്റ്യൻ മുക്കുങ്കൽ, ജയകുമാർ മന്നത്ത്, ജോസഫ് കുര്യൻ തയ്യിൽ, ബേബി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.