കട്ടപ്പന : മോഷണം, പിടിച്ചുപറി ഉൾപ്പടെ ഒട്ടേറെ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. ആനവിലാസം

പുവേഴ്സ്ഭവൻ ജയകുമാർ എന്ന് വിളിക്കുന്ന കുമാറാണ് (38) അറസ്റ്റിലായത്. ഏതാനും നാളുകൾക്ക് മുമ്പ് വണ്ടൻമേട് പഞ്ചായത്തിലെ തോട്ടം മേഖലകളായ കറുവാക്കുളം, മാലി തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളി ലയങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ മോഷണം നടത്തിയിരുന്നു. തുടർന്ന് വീണ്ടും മോഷണം നടത്താനായി ലയങ്ങളിൽ എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് മാലിയിലെ ലയങ്ങളിൽ നിന്ന് പണവും മറ്റ് വസ്തുക്കളും ഇയാൾ മോഷ്ടിക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതുപയോഗിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി പാമ്പുപാറയിലെ ലയങ്ങളിൽ മോഷണം നടത്തി കടന്നു കളഞ്ഞു. തുടർന്ന് സി.സി ടി.വിയിൽ നിന്ന് ലഭിച്ച പ്രതിയുടെ ചിത്രം പൊലീസ് ഏലം എസ്റ്റേറ്റുകളിൽ നൽകുകയും ചെയ്തു. ഇതിനു ശേഷം വീണ്ടും മോഷണം നടത്താനായി ഇയാൾ പാമ്പുപാറ എസ്റ്റേറ്റിൽ എത്തിയപ്പോഴാണ് പിടിയിലായത്. നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ജയകുമാറിന് സംസ്ഥാനത്തിനകത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒട്ടേറെകേസുകളുണ്ട്. ഒരു തവണ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേയ്ക്ക് കടക്കുന്നതാണ് പ്രതിയുടെ ശീലം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.