അടിമാലി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റിന്റെയും സൈബർ സേനയുടെയും സംയുക്ത ജില്ലാകമ്മിറ്റി യോഗം ചേർന്നു. ജൂലായ് 12ന് കട്ടപ്പനയിൽ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാ സമ്മേളനത്തിനു മുമ്പായി ശാഖകളിലും യൂണിയനിലും നടത്തേണ്ട മീറ്റിങ്ങുകളും ജില്ലയിലെ പ്രചരണ പരിപാടികളെ കുറിച്ചും കീഴ്ഘടകങ്ങൾക്ക് നൽകേണ്ട നിർദ്ദേശങ്ങൾക്കും രൂപംനൽകി പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് സംസ്ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകി. ജില്ലാ ചെയർമാൻ പ്രവീൺ വട്ടമലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി സെക്രട്ടറി രാജേഷ് നെടുമങ്ങാട് മുഖ്യപ്രഭാഷണം നടത്തി. സൈബർ സേന കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലവേലിൽ പ്രചരണ സന്ദേശം നൽകി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി സജീഷ് മണലേൽ, കേന്ദ്രസമിതി കൗൺസിലർ സന്തോഷ് മാധവൻ, സൈബർ സേന കേന്ദ്ര സമിതി കൺവീനർമാരായ ഷേൻസ് സഹദേവൻ, സുധീഷ് സുഗതൻ, വൈസ് ചെയർമാൻ ഐബി പ്രഭാകർ, സൈബർ സേന ജില്ലാ ചെയർപേഴ്‌സൺ സജിനി സാബു, കൺവീനർ വിശാഖ് പി.എസ് എന്നിവർ സംസാരിച്ചു. യൂത്ത് മൂവ്‌മെന്റ് ജില്ലാ കൺവീനർ വിനോദ് ശിവൻ കൃതജ്ഞത നന്ദി പറഞ്ഞു. യോഗത്തിൽ യൂത്ത് മൂവ്‌മെന്റിന്റെയും സൈബർ സേനയുടെയും ജില്ലാ വൈസ് ചെയർമാൻമാർ,​ ജോയിന്റ് സെക്രട്ടറിമാർ,​ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലയിലെ എല്ലാ യൂണിയനിലെയും യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.