തൊടുപുഴ/മൂലമറ്റം: വിലക്കയറ്റം കൊണ്ട് രാജ്യത്തെ സാധാരണ ജനങ്ങൾ പൊറുതി മുട്ടുമ്പോഴും നരേന്ദ്രമോഡി കുത്തക മുതലാളിമാരുടെ കളിത്തോഴനായി പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. തൊടുപുഴ മൂലമറ്റം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വഴിത്തല ഭാസ്‌കരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് സാധാരണ ജനങ്ങളെ കേന്ദ്ര സർക്കാർ മറന്നു. അഗ്നിപഥ് യുവജനങ്ങളെ വഞ്ചിക്കുന്ന പദ്ധതിയാണ്. തൊഴിലാളികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച യഥാർത്ഥ കമ്യൂണിസ്റ്റായിരുന്നു വഴിത്തല ഭാസ്‌കരൻ. കമ്യൂണിസ്റ്റുകാർ എങ്ങിനെ ജീവിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ വഴിത്തല ഭാസ്‌കരൻ കാണിച്ചു തന്നു. പുതു തലമുറയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വഴിത്തല ഭാസ്‌കരന്റെ ജീവിതം എന്നും വഴികാട്ടിയാണെന്നും പന്ന്യൻ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി പി.പി. ജോയി സ്വാഗതം പറഞ്ഞു. സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം മാത്യു വർഗീസ്, മൂലമറ്റം മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ വി.ആർ. പ്രമോദ്, അഡ്വ. എബി ഡി. കോലോത്ത്, ഫാത്തിമ അസീസ്, ഇ.കെ. അജിനാസ്, അൻവർ നാസർ എന്നിവർ സംസാരിച്ചു. കാഞ്ഞാറിൽ നടന്ന വഴിത്തല ഭാസ്‌കരൻ അനുസ്മരണസമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ അദ്ധ്യക്ഷതവഹിച്ചു.