roshy
സ്‌പൈസസ് ഡ്രയർ റോഷി അഗസ്റ്റിൻ എം.എൽ.എ നോക്കിക്കാണുന്നു

ഇടുക്കി: മഴക്കാലത്ത് ജാതിപത്രിയും കുരുമുളകുമെല്ലാം ഉണക്കാൻ കൃഷിക്കാരനായ പിതാവ് നേരിടുന്ന ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഇതിനൊരു ഉപകരണം ഉണ്ടായിരുന്നെങ്കിലെന്ന് അഞ്ജുവിന് തോന്നിയത്. പിന്നെ പരീക്ഷണങ്ങളുടെ പരമ്പരയായിരുന്നു. ആദ്യമൊക്കെ ജാതിപത്രി കരിഞ്ഞു പോയി. സാരമില്ലെന്ന് പറഞ്ഞ് അപ്പൻ പ്രോത്സാഹിപ്പിച്ചതോടെ പരീക്ഷണം തുടർന്നു. അങ്ങനെയാണ് സുഗന്ധദ്രവ്യങ്ങൾ ഉണക്കിയെടുക്കാനായി അഞ്ജു തോമസ് എന്ന മിടുക്കി സ്‌പൈസസ് ഡ്രയർ എന്ന ഉപകരണം സ്വന്തമായി വികസിപ്പിച്ചെടുത്തത്. ഉപകരണത്തിനുള്ളിലെ താപനില നിയന്ത്രിച്ച് സ്‌പൈസസ് മികച്ച നിലവാരത്തിൽ ഉണക്കിയെടുക്കുന്നതാണ് രീതി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഓഫീസിൽ എത്തിയ അഞ്ജു ഇതിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു തന്നു. മഴക്കാലത്ത് ഹൈറഞ്ചിലെ കർഷകർക്ക് ഒരു വരദാനമാകും ഈ ഉപകരണം എന്നതിൽ സംശയമില്ല. ഇതിനു പേറ്റന്റ് സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അഞ്ജു ഇപ്പോൾ. ഇതേക്കുറിച്ച് കാര്യമായ അറിവുള്ള ആരുടെയെങ്കിലും സഹായം ലഭിക്കാനുള്ള ശ്രമത്തിലാണ്. കിസാൻ മിത്ര സ്‌പൈസസ് ഡ്രയർ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് ആയിരം രൂപയിൽ താഴെ മാത്രമാണ് ചെലവ്. അഞ്ജുവിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് അറിഞ്ഞ നിരവധി കർഷകരാണ് ഉപകരണം തേടി എത്തുന്നത്. എന്നാൽ പേറ്റന്റ് ലഭിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇതു നിർമിച്ച് കർഷകർക്ക് വിതരണം ചെയ്യാൻ കഴിയൂ. ബി.എസ്.സി അഗ്രിക്കൾച്ചർ ബിരുദധാരിയായ അഞ്ജു ചെറുപ്പം മുതലേ ഇത്തരം പരീക്ഷണങ്ങൾ നടത്തി നിരവധി അവാർഡുകൾ നേടിയ കുട്ടിയാണ്. കർഷകനായ തോമസ്- വിൽസമ്മ ദമ്പതികളുടെ മകളാണ് അഞ്ജു. ഈ മിടുക്കിയെ ചെറുപ്പം മുതൽ അടുത്തറിയാമെന്നും അഞ്ജു കൂടുതൽ ഉയരങ്ങൾ താണ്ടുമെന്ന് ഉറപ്പാണെന്നും മന്ത്രി റോഷി അഗസ്റ്റ്യൻ ഫേസ്ബുക്കിൽ കുറിച്ചു.