മുട്ടം: മലങ്കര ടൂറിസം ഹബ്ബിൽ വെള്ളം മലിനമാകാതെ സോളാർ ബോട്ട് സർവീസ് ആരംഭിക്കുന്നതിന് റിപ്പോർട്ട് നൽകാൻ കേരള സ്റ്റേറ്റ് ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനോട് (കെ.എസ്.ഐ.എൻ.സി) ആവശ്യപ്പെടാൻ ജനറൽ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. കുട്ടികളുടെ പാർക്കും അനുബന്ധ മേഖലകളും കൂടുതൽ നവീകരിക്കാൻ നിർമ്മിതി കേന്ദ്രത്തോട് ആവശ്യപ്പെടും. എൻ‌ട്രൻസ് പ്ലാസ നവീകരിച്ച് ഒരു മാസത്തിനകം ഹബ്ബിന് കൈമാറാൻ ഹാബിറ്റാറ്റിനോട്‌ ആവശ്യപ്പെടും. ടൂറിസം ഹബ്ബിനോട്നുബന്ധിച്ച് കുടിൽ കെട്ടി താമസിക്കുന്ന ശേഷിക്കുന്ന എട്ട് കുടുംബങ്ങളെ സുരക്ഷിതമായി മാറ്റി പാർപ്പിക്കാൻ പഞ്ചായത്തുമായി ആലോചിച്ച് അടിയന്തര നടപടികൾ സ്വീകരിക്കണം. മുട്ടം എം.വി.ഐ.പി ഐ.ബിയിൽ ചേർന്ന യോഗത്തിൽ പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഷീബ ജോർജ്, തൊടുപുഴ തഹസീൽദാർ ജി. മോഹന കുമാരൻ നായർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിന്ദു മണി, മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ, എം.വി.ഐ.പി സൂപ്രണ്ടിങ് എൻജിനിയർ ശ്രീകല, എം.വി.ഐ.പി ഇ.ഇ രഞ്ജിത പി.എൻ.ഡി.ടി.പി.സി സെക്രട്ടറി ജിതേഷ്, പഞ്ചായത്ത്‌ മെമ്പർ സൗമ്യ സാജിബിൻ, അരുൺ ചെറിയാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.