തൊടുപുഴ: സ്‌കൂൾ ബസിന്റെ യാത്രാറൂട്ട് രക്ഷിതാക്കളുടെ മൊബൈൽ സ്‌ക്രീനിൽ തെളിയുന്ന സംവിധാനമുള്ള ഗതാഗത വകുപ്പിന്റെ വിദ്യാവാഹിനി ആപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടും ഇനിയും റൂട്ടിലായില്ല. സ്‌കൂൾ ബസ് എവിടെയെത്തിയെന്നും എപ്പോൾ സ്റ്റോപ്പിൽ എത്തിച്ചേരുമെന്നും മനസിലാക്കാൻ കഴിയുന്ന സംവിധാനമായിരുന്നു ഇത്. ആപ്പ് നിലവിൽ വന്നാൽ രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയെക്കുറിച്ച് വേവലാതി വേണ്ട.

ഈ അദ്ധ്യന വർഷം തുടക്കത്തിൽ തന്നെ ആപ് ഉപയോഗക്ഷമമാകുമെന്നാണ് രക്ഷിതാക്കൾ കരുതിയിരുന്നത്.

സ്‌കൂൾ ബസുകളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുക. സ്‌കൂൾ അധികൃതർക്ക് മാത്രമായാണ് ആപ് വിഭാവനം ചെയ്തതെങ്കിലും എല്ലാ രക്ഷിതാക്കൾക്കും ഉപയോഗിക്കാൻ ക്രമത്തിൽ ലഭ്യമാക്കുമെന്നാണ് ഗതാഗത കമ്മിഷണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്. ഗതാഗതക്കുരുക്ക് കൂടുതലുള്ള സമയങ്ങളിലടക്കം, കുട്ടികൾ വീടുകളിലെത്താൻ വൈകിയാൽ ആപ് വഴി വ്യക്തമായി കാരണം മനസിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. എല്ലാ ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലേത് പോലെ പാനിക്ക് ബട്ടൺ ഈ വാഹനത്തിലുമുണ്ടാവും. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ കുട്ടികൾക്ക് ഈ ബട്ടൺ അമർത്താം. ഉടൻ തന്നെ അപായ സൂചന നൽകുന്ന സന്ദേശം അധികൃതരുടെ മൊബൈലിൽ എത്തുന്നതാണ് സംവിധാനം.

എന്ന് വരുമെന്നറിയില്ല

ആപ്പിന്റെ ഉദ്ഘാടന സമയത്ത് ലഭിച്ച അറിയിപ്പല്ലാതെ തുടർ വിവരങ്ങളൊന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭ്യമല്ല. ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഓടുന്നത്. ആപ്പ് പ്രയോഗികമായാലുടൻ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ പ്രയാസമുണ്ടാവില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

'ആപ്പ് നിലവിൽ വന്നാൽ ജോലിക്കാരായ തങ്ങളെപോലുള്ള രക്ഷിതാക്കൾക്ക് വലിയ ഉപകാരമായിരുന്നു. സ്കൂളിൽ പോയ കുട്ടികളെ ഓർത്തുള്ള ആധി ഒരു പരിധിവരെ കുറയും. "

-അഭിലാഷ് (രക്ഷിതാവ്)​