രാജാക്കാട്: എസ്റ്റേറ്റ് പൂപ്പാറ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്നു. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. ഭണ്ഡാരം കുത്തി തുറന്നെങ്കിലും പണമൊന്നും ലഭിച്ചില്ല. തലേന്ന് ക്ഷേത്രം ഭാരവാഹികൾ ഭണ്ഡാരം തുറന്ന് കാണിക്ക എടുത്തതിനാലാണ് നഷ്ടം വരാതിരുന്നത്. ക്ഷേത്രം ഓഫീസും വഴിപാട് കൗണ്ടറും കുത്തി തുറന്ന് പണം അപഹരിച്ചതിന് ശേഷം ശ്രീകോവിലും കുത്തിപൊളിക്കുവാൻ ശ്രമം നടന്നിട്ടുണ്ട്. ക്ഷേത്രാങ്കണത്തിലുള്ള ഏഴോളം കാണിക്കവഞ്ചികൾ തകർത്തിട്ടുണ്ട്. ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും വഴിപാടായി ലഭിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും മോഷ്ടാക്കൾ അപഹരിച്ചു. ക്ഷേത്രാങ്കണത്തിൽ പ്രതിഷ്ഠിച്ചിരുന്ന സർപ്പ വിഗ്രഹവും മോഷ്ടാക്കൾ തകർത്ത നിലയിലാണ്. രാവിലെ നട തുറക്കാൻ ശാന്തി എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. തുടർന്ന് ശാന്തൻപാറ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മോഷണത്തിൽ കേസെടുത്ത് തുടർ അന്വഷണം ആരംഭിച്ചതായി ശാന്തൻപാറ സി.ഐ അറിയിച്ചു.