 
മറയൂർ: തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് വിനോദ സഞ്ചാരികൾക്കും വിദ്യാർത്ഥികൾക്കും വിൽക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. കാന്തല്ലൂർ ഇടക്കടവ് സ്വദേശി ആനന്ദാണ് (28) ഒന്നരക്കിലോ ഗ്രാം കഞ്ചാവുമായി മറയൂർ പൊലീസിന്റെ പിടിയിലായത്. രാത്രി 11 മണിയോടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചട്ടമൂന്നാർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തേനിയിൽ നിന്ന് ബസിൽ മൂന്നാറിൽ കഞ്ചാവ് എത്തിച്ച ശേഷം പിന്നീട് മറയൂർ സ്വദേശികളുടെ വാഹനത്തിൽ ലിഫ്‌റ്റ് ചോദിച്ച് കാന്തല്ലൂരിലേക്ക് വരികയായിരുന്നു. ബാഗിനുള്ളിലെ റെയിൻ കോട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നതിനാൽ ലിഫ്‌റ്റ് നൽകിയവർക്ക് കഞ്ചാവാണെന്ന് മനസ്സിലായില്ല. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മറയൂർ എസ്.ഐ ബ്രിജിത്ത് ലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ സന്തോഷ് എൻ.എസ് , ഗോപി, സജുസൺ, അനിൽ കെ. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.