തൊടുപുഴ: 'വാതിൽപ്പടിയിൽ സേവനങ്ങൾ' പദ്ധതി ജില്ലയിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രവർത്തന സജ്ജമാകുന്നു. രാജാക്കാട്,ശാന്തൻപാറ പഞ്ചായത്തുകളിൽ മാത്രമാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സർക്കാരിന്റെ മറ്റ് വകുപ്പുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളും മറ്റ് ആനുകൂല്യങ്ങളും അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ നേരിട്ട് എത്തിച്ച് നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണ് വാതിൽപ്പടിയിൽ സേവനങ്ങൾ.ഒന്നാം ഘട്ടത്തിൽ സംസ്ഥാന തലത്തിൽ ഗ്രാമപഞ്ചായത്തുകൾ -38,നഗരസഭകൾ-11,കോർപ്പറേഷൻ-1(കണ്ണൂർ) എന്നിങ്ങനെ 50 തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചത്.ജനങ്ങൾക്ക്‌ ഏറെ പ്രയോജനമാകുന്നു എന്നതിനെ തുടർന്നാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായത്.മസ്റ്ററിംഗ്,ലൈഫ് സർട്ടിഫിക്കറ്റ്,സാമൂഹ്യ സുരക്ഷ പെൻഷൻ അപേക്ഷകൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആനുകൂല്യം ലഭ്യമാക്കൽ,ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കൽ എന്നീ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. മുന്നൊരുക്ക പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സന്നദ്ധ പ്രവർത്തകരെ കണ്ടെത്തൽ,ഇവരുടെ പൊലീസ് വേരിഫിക്കേഷൻ,പരിശീലനം,പദ്ധതി കോർഡിനേറ്റ് ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും വാർഡ് തലങ്ങളിലുമുള്ള സമിതികളുടെ രൂപീകരണം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ജില്ലയിലെ തൊടുപുഴ,കട്ടപ്പന നഗരസഭകളിലും 52 ഗ്രാമപഞ്ചായത്തുകളിലും പൂർത്തിയായി വരുകയാണ്.

വിവിധ തലങ്ങളിലുള്ള കമ്മറ്റി

തദ്ദേശസ്വയംഭരണം,സാമൂഹ്യനീതി, സാമൂഹ്യ സന്നദ്ധ സേനാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അക്ഷയകേന്ദ്രം പ്രവർത്തകർ, ജനമൈത്രി പോലസ്,കുടുംബശ്രീ,അംഗൻവാടി-ആശാ-വായനശാല-പാലിയേറ്റീവ് പ്രവർത്തകർ, മുതിർന്ന പൗരന്മാരുടെ സംഘടന ഭാരവാഹികൾ എന്നിങ്ങനെയുള്ളവർ ഇതിന്റെ വിവിധ തലങ്ങളിലുള്ള കമ്മറ്റികളുടെ ഭാഗമായി പ്രവർത്തിക്കും.ഇവരുടെ യോഗങ്ങളും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൂർത്തിയായി വരുകയാണ്.