കട്ടപ്പന : ആയോധന കലകൾ ആഭ്യസിപ്പിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് നിർഭയമായി സഞ്ചരിക്കാൻ അവസരമൊരുക്കി വനിതാ ശിശുവികസന വകുപ്പ് .അതിക്രമങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളെ അതിജീവിക്കാൻ കായികമായി പ്രാപ്തരാക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തി ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് ധീര പദ്ധതി ജില്ലയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ദുർബല വിഭാഗത്തിലെ കുട്ടികൾ കൂടുതലായുള്ള വണ്ടിപ്പെരിയാർ,കൊന്നത്തടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമാണ് പദ്ധതി ജില്ലയിൽ ആദ്യമായി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.10 നു 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ആയോധന കല പരിശീലിപ്പിച്ച് അതിക്രമങ്ങളെ നേരിടാൻ സ്വയം പ്രാപ്തരാക്കുന്നത്.ഒരു പഞ്ചായത്തിൽ 30 പെൺകുട്ടികളെ വീതം തിരഞ്ഞെടുക്കും, അംഗനവാടികളിൽ രൂപീകരിച്ച വർണ്ണക്കൂട്ട് ക്ലബ് വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.തുടർന്ന് ഇവർക്ക് ജില്ലാ തലത്തിലോ അല്ലെങ്കിൽ പ്രാദേശിക തലത്തിലോ ആയോധന കലകൾ അഭ്യസിപ്പിക്കുന്നവർ വഴി പരിശീലനം നൽകും .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ വർണ്ണക്കൂട്ട് ക്ലബുകൾ വഴി പ്രാഥമികാന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയിൽനിന്ന് ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെൺകുട്ടികളെ തിരഞ്ഞെടുക്കുന്നത്.
രക്ഷിതാക്കളെ നഷ്ടമായവർ, അതിക്രമങ്ങൾക്ക് ഇരയായവർ, അരക്ഷിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർ തുടങ്ങിയവർക്കാണ് മുൻഗണന.അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സൗകര്യപ്രദമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാകും പരിശീലനം നൽകുക.ആഴ്ച്ചയിൽ രണ്ട് ദിവസമുള്ള പരിശീലനത്തിനുശേഷം പാൽ, മുട്ട തുടങ്ങിയ പോഷക സമൃദ്ധമായ ആഹാരങ്ങളും കുട്ടികൾക്ക് നൽകും.മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നൽകുക, സ്വയരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പത്ത്മാസത്തെ പരിശീലനം
ജില്ലതലത്തിൽ തിരഞ്ഞെടുത്ത 90 പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ ആർജിക്കാനുള്ള 10 മാസത്തെ പരിശീലനം ഉറപ്പാക്കും.ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയിൽ നാല് മണിക്കൂർ പെൺകുട്ടികൾക്ക് ക്ലാസ് നൽകും.കുട്ടികളെയും പരിശീലകരെയും കണ്ടെത്തിയ ശേഷം ആയോധനകലക്ക് അനുയോജ്യമായ യൂണിഫോമും വിതരണം ചെയ്യും.