കട്ടപ്പന : സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള കരട് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുവാൻ അടിയന്തര യോഗം ചേരാൻ കൗൺസിൽ തീരുമാനിച്ചു.ടൗൺ പ്ലാനിംഗ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാകും കൗൺസിൽ യോഗം ചേരുക.നഗരസഭാ സെക്രട്ടറിയ്ക്ക് നഗരഗ്രാമ ആസൂത്രണ വകുപ്പിൽ നിന്നും ലഭിച്ചിട്ടുള്ള ഭേദഗതി വരുത്തിയ നിർദ്ദേശങ്ങൾ കരട് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി തയ്യാറാക്കുന്നതിനാണ് വിഷയം കൗൺസിൽ അംഗീകാരത്തിനായി സമർപ്പിച്ചത്.എന്നാൽ പുതിയ നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവു എന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു.നഗരസഭാ പരിധിക്കുള്ളിലെ ഭൂവിനിയോഗം, റോഡ് നെറ്റ് വർക്ക് ,നഗര വികസനം, ടൂറിസം, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ നിലവിലെ സ്ഥിതി, വികസന സാധ്യതകൾ എന്നിവ ഉൾക്കൊള്ളിച്ചാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക.മാസ്റ്റർ പ്ലാനിന് പുറമേ നഗരസഭയുടെ അറവ് ശാലയിൽ മാടിനെ അറക്കുന്ന കൂലി വർധിപ്പിക്കണമെന്ന കരാറുകാരന്റെ ആവശ്യം കൗൺസിലിൽ പരിഗണിച്ചു. നിലവിലെ തുകയായ 1000 രൂപയിൽ നിന്നും 1500 രൂപയാക്കണമെന്നാണ് ആവശ്യം. കൂലി വർധിപ്പിക്കേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാൻ സ്റ്റീയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി.വനാതിർത്തികൾ പങ്കിടുന്ന മുളകരമേട് 33ാം വാർഡ് ഉൾപ്പടെയുള്ള സ്ഥലങ്ങൾ ബഫർ സോണിൽ ഉൾപ്പെടുമോയെന്നുള്ള ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പ്രത്യേക വാർഡ് സഭകൾ ഈ വാർഡുകളിൽ ചേരുവാനും കൗൺസിൽ തീരുമാനിച്ചു. കൗൺസിൽ പ്രശാന്ത് രാജു സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊലീസ് വളവ് മജീദ്പടി കമ്പനിപ്പടി കുടിവെള്ള പദ്ധതി സിബിച്ചൻ തോമസ് എന്ന വ്യക്തിയ്ക്ക്
ടെൻഡർ ചെയ്യാനും ,വാർഡ് 15 ൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുഴൽക്കിണർ നിർമ്മിക്കാൻ ശ്രമിച്ചപ്പോൾ സ്വകാര്യ ടെലികോം കമ്പനിയുടെ കേബിളുകൾ തകർന്ന സംഭവത്തിൽ നഷ്ടപരിഹാരമായി 17300 രൂപ കമ്പനിയ്ക്ക് നൽകാനും അംഗീകാരം നൽകി.ഗാന്ധി സ്‌ക്വയർ മാനവീയം വീഥി മോഡലിൽ നിർമ്മിക്കണമെന്നും, കട്ടപ്പന മുതൽ പള്ളിക്കവല വരെ ഫുട്പാത്ത് നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കൗൺസിലർ സിജു ചക്കുംമൂട്ടിൽ കൗൺസിലിൽ കത്ത് നൽകിയെങ്കിലും ചർച്ചയ്‌ക്കെടുത്തില്ല.അജണ്ടയിൽ ഉൾപ്പെടുത്താത്ത വിഷയങ്ങൾ ചർച്ച ചെയ്യേണ്ടെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്നാണിത്.