കട്ടപ്പന : ഇന്ന് വൈകിട്ട് ഉദ്ഘാടനം ചെയ്യാൻ പോകുന്ന റോഡിന്റെ തകർന്ന സംരക്ഷണ ഭിത്തി ഇനിയും പുന:സ്ഥാപിച്ചില്ല. ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ സ്കൂൾ കവല - പള്ളിക്കവല ബൈപാസ് റോഡിന്റെ സംരക്ഷണ ഭിത്തിയാണ് അപകടത്തിലായിട്ടും ഫണ്ടില്ലെന്ന കാരണത്താൽ പൊതുമരാമത്ത് വകുപ്പ്നന്നാക്കാതെയിട്ടിരിക്കുന്നത്

അടിമാലി - കുമളി ദേശീയ പാതയേയും നിർദ്ദിഷ്ഠ മലയോര ഹൈവേയേയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്കൂൾ കവല - പള്ളിക്കവല റോഡിൽ ജ്യോതിസ് ജംഗ്ഷനിലാണ് ടാറിംഗ് ജോലികൾ പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ സംരക്ഷണഭിത്തി ഇടിഞ്ഞത്.തകർന്ന ഭിത്തി ഉടനടി പുന:സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നുവെങ്കിലും ഈ ഭാഗത്ത് സേഫ്റ്റി കോണുകൾ സ്ഥാപിച്ച് മടങ്ങിയതല്ലാതെ തുടർനടപടിയുണ്ടായില്ല.മഴ കനത്തതോടെ ബാക്കി ഭാഗവും ഇടിഞ്ഞു താഴാൻ സാദ്ധ്യത വർദ്ധിച്ചു.ദിവസേന നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.സ്വകാര്യ - കെ എസ് ആർ ടി സി ബസുകളും ഈ പാതയിലൂടെയാണ് കോട്ടയം റൂട്ടിലേയ്ക്ക് പ്രവേശിക്കുന്നത്. ഇതിനു പുറമേ സെന്റ് ജോൺസ് ആശുപത്രിയ്ക്ക് എതിർവശത്ത് പത്തോളം കുടുംബങ്ങൾ വഴിയായി ഉപയോഗിക്കുന്ന കൽപടിക്കെട്ട് തകർന്നതും പുന:സ്ഥാപിച്ച് നൽകിയിട്ടില്ല.ടാറിംഗിനായി എത്തിച്ച റോഡ് റോളറിന്റെ പ്രകമ്പനത്തിലാണ് പടിക്കെട്ട് തകർന്നത്.1.2 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ ഒരുങ്ങുമ്പോൾ അപകടാവസ്ഥയിലായ സംരക്ഷണഭിത്തിയും നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന നടപ്പുവഴി തകർന്നതും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.