കട്ടപ്പന : ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളും ബഫർ സോൺ ഉത്തരവുണ്ടാക്കിയ ആശങ്കയും അറിയിക്കാൻ ജില്ലയിലെ ഇടതു നേതാക്കൾ തിങ്കളാഴ്ച മുഖ്യമന്ത്രിയെ നേരിൽ കാണും. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും സംഘത്തിലുണ്ടാകുമെന്ന് സിപി എം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസ് പറഞ്ഞു.ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾക്ക് പുറമെ സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കി നിലനിർത്തണമെന്ന ഉത്തരവും പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും സമരായുധമാക്കിയതോടെയാണ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇടുക്കിയിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയെ കാണുന്നത്.വിവിധ കർഷക സംഘടനകൾക്കൊപ്പം സീറോ മലബാർ സഭ സമരം തുടങ്ങിയതും ഇടത് മുന്നണിയ്ക്ക് തലവേദനയായിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്ന ആവശ്യമുയർന്നത്.ഇടുക്കിയിലെ സങ്കീർണ്ണമായ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഭൂമി പതിവ് നിയമം പരിഷ്‌കരിക്കുമെന്ന് തിരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷം ഉറപ്പു നൽകിയിരുന്നു.എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിഞ്ഞിട്ടും നടപടി എങ്ങുമെത്തിയില്ല. കർഷക കൂട്ടായ്മകളുടെ നിരന്തരമായ സമരങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട്.നിർമ്മാണ നിരോധന ഉത്തരവിൽ ഈ മാസം 30 ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി കളക്ട്രേറ്റിലേയ്ക്ക് ലോംഗ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.മാസങ്ങൾക്ക് മുൻപ് ഭൂപ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യങ്ങളുമായി ഇടത് നേതാക്കൾ മുഖ്യമന്ത്രിയെ കപ്പോൾ നൽകിയ ഉറപ്പുകളും പാലിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം ബഫർ സോൺ ഉത്തരവ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി.അടിയന്തിരമായി സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂടുതൽ സംഘടനകൾ സമരവുമായി രംഗത്തിറങ്ങുമെന്നതും കൂടിക്കാഴ്ചക്ക് കാരണമായിട്ടുണ്ട്.