യൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്‌കൂളുകളെക്കുറിച്ചുള്ള ഓൺലൈൻ പോർട്ടലായ സ്‌കൂൾ വിക്കിയിൽ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളിൽ ജില്ലാ തലത്തിൽ കരിങ്കുന്നം ഗവൺമെന്റ് എൽ.പി സ്‌കൂളിന് ഒന്നാം സമ്മാനം. ജി.എച്ച്. എസ്. എസ് കുടയത്തൂർ, എം.എ.ഐ.എച്ച്.എസ് മുരിക്കടി എന്നീ സ്‌കൂളുകൾക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. 15000 സ്‌കൂളുകളെ കോർത്തിണക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരമായ 'സ്‌കൂൾ വിക്കി' സജ്ജമാക്കിയിട്ടുള്ള കൈറ്റ് ആണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഇൻഫോ ബോക്‌സിന്റെ കൃത്യത, ചിത്രങ്ങൾ, തനതു പ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി, സ്‌കൂൾ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സംസ്ഥാനതലത്തിൽ അവാർഡുകൾ നിശ്ചയിച്ചത്. ജില്ലാതലത്തിൽ ശ്രദ്ധേയമായ താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്കും കൈറ്റ് പ്രശംസാപത്രം നൽകും.ജൂലായ് 1ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ സമ്മാനിക്കും.