നെടുങ്കണ്ടം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ നടപ്പിലാക്കിയ ഗ്രാമീണ ടൂറിസം പദ്ധതി അവതാളത്തിൽ. ഇതിന്റെ ഭാഗമായി നിർമ്മിച്ച ശുചിമുറി കോംപ്ലക്സ്സ് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്രദേശിക ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനാണ് തൂവൽ ആസ്ഥാനമാക്കി പദ്ധതി ആവിഷ്‌ക്കരിച്ചത്. 30 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പദ്ധതി രൂപീകരിച്ചത്. 2020 ഒക്ടോബർ 20ന് ഉദ്ഘാടനം ചെയ്ത പദ്ധതി പ്രകാരം വെള്ളച്ചാട്ടത്തിനു മുകളിലൂടെ സഞ്ചാരികൾക്ക് നടന്ന് കാഴ്ചകൾ കാണാൻ പാറക്കെട്ടുകളിൽ പരസ്പരം ബന്ധിപ്പിച്ച് ചെറുപാലങ്ങളുടെയും, സംരക്ഷണ വേലികളുടെയും നിർമാണം അന്ന് തന്നെ പൂർത്തിയായിരുന്നു. ഈ പാലങ്ങളിൽ നിന്നും വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം സുരക്ഷിതമായി ആസ്വദിക്കാം. എന്നാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയ വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് സഞ്ചാരികൾക്ക് എത്താൻ കഴിയുന്ന കോൺക്രീറ്റ് പാതയുടെ നിർമാണം നടന്നില്ല. ഇതിനു പുറമെ ടൂറിസം കേന്ദ്രത്തിന്റെസമീപവാസി സൗജന്യമായി നൽകിയ സ്ഥലത്ത് നിർമാണം ആരംഭിച്ച ശുചിമുറി കോംപ്ലക്‌സിന്റെ നിർമാണം പാതി വഴിയിൽ അവസാനിച്ച മട്ടാണ്. ശുചിമുറികളും കടമുറികളും ഉൾപ്പെടുന്ന കോംപ്ലക്‌സ് ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. പണി പൂർത്തിയാക്കിയ ശുചിമുറികൾ പൂട്ടിയിടത്തതിനാൽ ഇത് നാശത്തിന്റെ വക്കിലാണ് ഒരു നിലയിൽ പണികൾ പൂർത്തീകരിച്ച കെട്ടിടത്തിൽ പെയിന്റിങ്ങും, വാട്ടർ, വൈദ്യുതി കണക്ഷനുകളും സ്ഥാപിച്ചാൽ പ്രവർത്തനം ആരംഭിക്കാം
ഇടപെടൽ അനിവാര്യം
സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും മറ്റും സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലന്നിരിക്കെയാണ് നടപ്പിലക്കേണ്ട പദ്ധതി പോലും അവതാളത്തിലാക്കിയത്. മുകളിൽ നിന്നും തഴേക്ക് കാണാവുന്ന അപൂർവം വെള്ളച്ചാട്ടങ്ങളിൽ ഒന്നായ തൂവൽ വെള്ളച്ചാട്ടം സംരക്ഷിക്കുന്നതിലും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും ഇനിയും ഫലപ്രദമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല.