തൊടുപുഴ: ഇത്രയധികം ബൈപ്പാസുകളും ഇടറോഡുകളുമുണ്ടെങ്കിലും നഗരം വികസിക്കുന്തോറും തൊടുപുഴയുടെ ഗതാഗത കുരുക്കും അനുദിനം വർദ്ധിക്കുകയാണ്. ഇതിനൊരു പരിഹാരമായി വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ഫ്ലൈ ഓവർ നഗരത്തിലെ തിരക്കേറിയ ജംഗ്ഷനിൽ നിർമ്മിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാന ബജറ്റിൽ തൊടുപുഴയിൽ ഫ്ളൈ ഓവർ നിർമ്മിക്കുന്നതിനു 10 കോടി രൂപ അനുവദിച്ചിരുന്നു. ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബഡ്ജറ്റിലും ഫ്ളൈ ഓവറിന് തുക വകകൊള്ളിച്ചിരുന്നു. എന്നാൽ ബഡ്ജറ്റ് പ്രഖ്യാപനത്തിലൊതുങ്ങിയതല്ലാതെ നഗരത്തിലേത് ജംഗ്ഷനിലാണ് ഫ്ലൈ ഓവർ സ്ഥാപിക്കേണ്ടതെന്ന കാര്യത്തിൽ പോലും തീരുമാനമായില്ല. ഇതിന്റെ ഫലമായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് നഗരം. കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ തുടങ്ങി പല ഭാഗങ്ങളിലും മിക്ക സമയവും തിരക്കാണ്. കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷൻ, മണക്കാട് ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ് ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും എപ്പോഴും കുരുക്കാണ്. ഫ്ളൈ ഓവർ നിർമ്മാണത്തിനൊപ്പം തിരക്ക് കുറയ്ക്കാൻ ജംഗ്ഷനുകളുടെ വികസനവും ഗതാഗത ക്രമീകരണവും നടപ്പിലാക്കണമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഏത് ജംഗ്ഷനിൽ വേണം
നഗരത്തിൽ ഫ്ളൈ ഓവർ നിർമ്മിക്കുന്നതിനു പ്രഥമ പരിഗണന നൽകേണ്ടത് കെ.എസ്.ആർ.ടി.സി ജംക്ഷനിലാണെന്നാണ് പൊതുഅഭിപ്രായം. നാല് റോഡുകൾ സന്ധിക്കുന്ന ഭാഗമാണിത്. തൊടുപുഴ നഗരത്തിൽ എത്തുന്ന എല്ലാ ബസുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡലേക്കു പോകുന്നത് ഇതുവഴിയാണ്. മൂലമറ്റം റൂട്ടിൽ നിന്നും മറ്റു കിഴക്കൻ മേഖലകളിൽ നിന്നുമുള്ള ഒട്ടേറെ വാഹനങ്ങളാണ് ഈ ജംഗ്ഷനിലൂടെ കടന്നുപോകുന്നത്. അതിനാൽ തന്നെ പകൽ സദാസമയവും തിരക്കിന്റെ പിടിയിലാണ് ഇവിടം. കെ.എസ്.ആർ.ടി.സിയുടെ പുതിയ ബസ് ടെർമിനൽ കൂടി പ്രവർത്തനം ആരംഭിച്ചതോടെ ഇവിടെ തിരക്ക് ഇരട്ടിയായി. ഇതിനു പരിഹാരമായി മൂപ്പിൽക്കടവ് റോഡിൽ നിന്ന് കോതായിക്കുന്ന് ബൈപാസിലേക്ക് എത്തുന്ന തരത്തിലുള്ള ഫ്ളൈ ഓവർ നിർമ്മിച്ചാൽ ഇവിടത്തെ ഗതാഗത തിരക്കിന് പരിഹാരമാകും. തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ വെങ്ങല്ലൂർ കവലയിലെ ഗതാഗത തിരക്കു കുറയ്ക്കുന്നതിന് ഇവിടെയും ഫ്ളൈ ഓവർ പണിയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നാല് റോഡുകളുടെ സംഗമസ്ഥാനമായ ഇവിടെ ട്രാഫിക് സിഗ്‌നൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും തിരക്ക് രൂക്ഷമാണ്.