തൊടുപുഴ: മാരിയിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലമേറ്റെടുക്കുന്നതിനുള്ള തുക ഉടൻ ലഭ്യമാക്കുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. 6.48 കോടി രൂപ കൂടി ലഭിച്ചാൽ പാലം യാഥാർത്ഥ്യമാകുമെന്ന് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്രോച്ച് റോഡിനു ഭൂമി ഏറ്റെടുക്കുന്നതിന് 6.48 കോടി രൂപ ആവശ്യമായിട്ടുണ്ടെന്ന് ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്. സ്ഥലം ഏറ്റെടുപ്പ് നടപടി പൂർത്തിയായാൽ ഉടൻ അപ്രോച്ച് റോഡിന്റെ നിർമാണം തുടങ്ങും.
അപ്രോച്ച് റോഡിന് ഭൂമി ഏറ്റെടുക്കലിനായി നേരത്തെ മൂന്നു കോടി രൂപ ലഭ്യമാക്കിയിരുന്നു.
അപ്രോച്ച് റോഡ് നിർമിക്കുന്നതിനുള്ള തുക പൊതുമരാമത്തു വകുപ്പിന്റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്രോച്ച് റോഡിന് 18 സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിന്റെ വില നിർണ്ണയം പൂർത്തിയാക്കി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും അന്തിമ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. 18 വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കാൻ 9.44 കോടി രൂപയാണ് വേണ്ടത്. ഇതിൽ ആദ്യ ഗഡുവായ 2.96 കോടി അനുവദിച്ചു കഴിഞ്ഞു. മാരിയിൽ കടവിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് എളുപ്പം എത്താൻ വഴിയൊരുക്കുന്ന പാലം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് എം.എൽ.എയുടെ താത്പര്യപ്രകാരമാണ് നിർമ്മിച്ചത്.