നെടുങ്കണ്ടം :നെടുങ്കണ്ടത്ത് പ്രവർത്തിക്കുന്ന ബിഎഡ് കോളേജിൽ ഈ വർഷം സോഷ്യൽ സയൻസും കൊമേഴ്‌സും കോഴ്സുകൾ ആരംഭിച്ചു. മുൻപ് കോളേജിൽ നിലവിലുണ്ടായിരുന്ന രണ്ടു വിഷയങ്ങൾ ഇങ്ങനെ പുനസ്ഥാപിക്കപ്പെടുന്നതിലൂടെ ഇടുക്കിജില്ലയിലെ നിരവധി വിദ്യാർത്ഥികൾക്ക് ഇത് വലിയൊരു ആശ്വാസമാകും. ജില്ലയിലുള്ള നിരവധി വിദ്യാർത്ഥികളുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും നെടുങ്കണ്ടത്തെ നാട്ടുകാരുടെയും ആവശ്യാർത്ഥം കോളേജ് പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് ഈ കോഴ്‌സുകൾ ഇപ്പോൾ തുടങ്ങാനാവുന്നത്. 100 വിദ്യാർത്ഥികളോടെ പുതിയ ബാച്ച് തുടങ്ങാനുളള എൻ. സി. റ്റി. ഇ യുടെ ഡൽഹിയിൽ നിന്നുള്ള അനുവാദം ഈ കോളേജിന് നേരത്തെ ലഭിച്ചിരുന്നു. എം. എം മണി എം. എൽ. എയുടെ വികസന ഫണ്ടിൽ നിന്ന് 5 സ്മാർട്ട് ക്‌ളാസ് റൂമുകൾ ഈ കോളേജിന് ലഭ്യമാകുമെന്ന് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഈ കോളേജിന്റെ സംരക്ഷണ ചുമതലയുള്ള സിപാസ് ഇപ്പോൾ കോളേജിന്റെ പഴയ കെട്ടിടം പുതുക്കി നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും ഉള്ള ശ്രമത്തിലാണ്.