കട്ടപ്പന : വില തകർച്ച മൂലം നട്ടം തിരിയുന്ന ഏലം കർഷകരുടെ നെഞ്ചിൽ തീ കോരിയിടുകയാണ് സ്വകാര്യ ലേലം ഏജൻസികൾ.വെള്ളിയാഴ്ച്ച നാല് ഓൺ ലൈൻ ലേലങ്ങളാണ് നടന്നത്. ഇതിൽ 3 എണ്ണം ഒരേ സമയം നടന്നതോടെ വിലയിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ തമിഴ്‌നാട്ടിൽ കോമ്പൈയിലും ബോഡി നായ്ക്കന്നൂരിലുമാണ് സ്വകാര്യ ലേലങ്ങൾ നടന്നത്.ഏലമെലൈ ട്രേഡിംഗ് കമ്പനി നടത്തിയ ലേലത്തിൽ 181 ലോട്ടുകളിലായി 44678 കിലോഗ്രാമും ,ജെ സി പി സി ട്രേഡ് ഫെയർ നടത്തിയ ലേലത്തിൽ 205 ലോട്ടുകളിലായി 51615 കിലോഗ്രാം ഏലയ്ക്കയും വിൽപ്പനയ്‌ക്കെത്തിച്ചപ്പോൾ അതേ സമയത്ത് സ്‌പൈസസ് പാർക്കിൽ കുമളി സ്‌പൈസ് മോർ ട്രേഡിംഗ് കമ്പനി നടത്തിയ ലേലത്തിൽ വെറും 14830 കിലോഗ്രാം ഏലയ്ക്കായാണ് പതിയാൻ എത്തിയത്.കൂടുതൽ വ്യാപാരികളും സ്വകാര്യ ലേലത്തിൽ പങ്കെടുത്തതോടെ സ്‌പൈസസ് ബോർഡിൽ പതിഞ്ഞ 66 ലോട്ടുകളിൽ 40 ലോട്ടുകളുടെയും വിൽപ്പന നടന്നില്ല. 4237 കിലോഗ്രാം മാത്രമാണ് വിൽപ്പന നടന്നത്.ഇതോടെ വിലയിൽ 50 മുതൽ 70 രൂപ വരെ കുറവുണ്ടാകുകയും ചെയ്തു.എന്നാൽ ഉച്ചയ്ക്ക് 2.15 ന് സ്‌പൈസസ് പാർക്കിൽ മാസ് എന്റർപ്രൈസസ് നടത്തിയ ലേലത്തിൽ വിലയിൽ വർദ്ധനയുണ്ടായി.ഒരേ സമയത്ത് കൂടുതൽ ലേലങ്ങൾ നടന്നാൽ വില തകർച്ചയുണ്ടാകുമെന്ന് ഏലം കർഷകർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ സ്വകാര്യ ലേലങ്ങൾ നിയന്ത്രിച്ച് നിർത്താൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.
• വ്യാപാരികൾക്കിഷ്ടം സ്വകാര്യ ലേലങ്ങൾ
സ്‌പൈസസ് ബോർഡ് ലേലത്തിനേക്കാളും വ്യാപാരികൾക്ക് താത്പര്യം സ്വകാര്യ ഏജൻസികൾ നടത്തുന്ന ലേലത്തിൽ പങ്കെടുക്കാൻ.കടം നൽകുന്നതും ആകർഷണീയമായ ആനുകൂല്യങ്ങൾ കൂടുതലായി ലഭിക്കുന്നതുമാണ് വ്യാപാരികളെ സ്വകാര്യ കമ്പനികളുടെ ലേലത്തിലേയ്ക്ക് അടുപ്പിക്കുന്നത്.ഇതോടെ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്ത സ്‌പൈസസ് ബോർഡ് ലേലത്തിൽ വ്യാപാരികൾ കുറയുകയും വിൽപ്പന നടക്കാതെ വരികയും ചെയ്യും.സ്‌പൈസസ് ബോർഡ് ലേലത്തിന്റെ സ്ഥിതിയനുസരിച്ചാണ് പൊതുമാർക്കറ്റിൽ ഏലക്കായുടെ വില നിയന്ത്രിക്കുന്നത്.