തൊടുപുഴ : ഏലപ്പാറ ചിന്നാർ കരിന്തരുവിയിൽ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന റോഡിന്റെ സംരക്ഷണ ഭിത്തിയുടെ അപകടാവസ്ഥ ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നൽകിയത്. മഴക്കാലത്ത് റോഡിന്റെ സംരക്ഷണ ഭിത്തിയുടെ അടിവശം ഇടിഞ്ഞ് വീടിന്റെ മുകളിലേക്ക് വീണ് ഏതു നിമിഷവും അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാതിപ്പെട്ട് പ്രദേശ വാസിയായ റ്റി. ആർ. സുരേഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിച്ചു. ഇതിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥല പരിശോധന നടത്തിയതായി പറയുന്നു. സംരക്ഷണഭിത്തിക്ക് നിലവിൽ തകരാർ സംഭവിച്ചതായി കാണുന്നില്ലെന്ന് റിപ്പോർട്ടിലുണ്ട്. എന്നാലും സംരക്ഷണഭിത്തിക്ക് മുകളിൽ ആർ സി സി കോൺക്രീറ്റ് ബെൽറ്റ് നൽകി ബലപ്പെടുത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. സംരക്ഷണ ഭിത്തിയുടെ അടിവശത്താണ് പൊട്ടലെന്നും അടിഭാഗം ബലപ്പെടുത്തി അപകട സാധ്യ ഒഴിവാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.