നെടുങ്കണ്ടം : പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിക്കാൻ നെടുങ്കണ്ടം സ്റ്റേഷനിൽ അതിക്രമത്തിന് ശ്രമിച്ച 3 പേർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അതിക്രമത്തെക്കുറിച്ച് നെടുങ്കണ്ടം പൊലീസ് പറയുന്നതിങ്ങനെ. നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശത്തുമായി കഞ്ചാവ് വിൽപനയെന്നും വിദ്യാർത്ഥികൾ സംഘം ചേർന്ന് ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നും നെടുങ്കണ്ടം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകുന്നേരം പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദേഹ പരിശോധന നടത്താൻ പോലീസ് ശ്രമിപ്പോൾ യുവാവ് വിസമ്മതിച്ചു. ഇതിന് പുറകെ യുവാക്കളുടെ മറ്റൊരു സംഘം സ്റ്റേഷനിലെത്തി ബഹളംവെച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും നെടുങ്കണ്ടം പൊലീസ് കേസെടുത്തത്. നെടുങ്കണ്ടം സ്വദേശികളായ ഡിപിൻ (21), സിജോ (23), അതുൽ (23) എന്നിവർക്കെതിരയൊണ് കേസെടുത്തതെന്നും പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.