നെടുങ്കണ്ടം: മുണ്ടിയെരുമയിൽ സി.പി.എം കോൺഗ്രസ് സംഘർഷം. നിരവധി പേർക്ക് മർദ്ധനമേറ്റു. സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറി. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാമ്പാടുംപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുണ്ടിയെരുമയിൽ നടത്തിയ പ്രകടനത്തിനുനേരെ ഡി.വൈ.എഫ്.ഐ സി.പി.എം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആക്ഷേപം. സി.പി.എമ്മിന്റെ ഓഫീസിൽ നിന്നും കമ്പിവടി ഉൾപ്പടെയുള്ള മാരകായുധങ്ങളുമായി പ്രകടനത്തിനുനേരെ പാഞ്ഞടുക്കുകയായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ആക്രമണം നടന്നത്. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ ഇത് തടയാനെത്തിയ പൊലീസ്കാരന്റെ യൂണിഫോം വലിച്ചുകീറുകയായിരുന്നു. ഇരുവിഭാഗങ്ങളെയും പിരിച്ചുവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനത്തിന് ശേഷം സി.പി.എമ്മിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടന്നു.