മൂലമറ്റം: കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ 3 പേർക്കെതിരെ കാഞ്ഞാർ പൊലീസ് കേസ് എടുത്തു. ഡ്രൈവർ മുതലക്കോടം സ്വദേശി സാബുവിനാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കട്ടപ്പനയിൽ നിന്നും വന്ന ബസ് അറക്കുളം അശോക കവലയിൽ നിർത്തി യാത്രക്കാരെ ഇറക്കവേ മൂന്ന് യുവാക്കൾ ഡ്രൈവറോട് തട്ടി കയറുകയായിരുന്നു.അവിടെ നിന്നും മൂലമറ്റം ഭാഗത്തേക്ക് വന്ന ബസിനെ ഓട്ടോറിക്ഷയിൽ പിന്തുടർന്ന് എകെജി ജങ്ഷനിൽ വെച്ച് ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം എന്നാണ് സൂചന.ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ മൂലമറ്റത്ത് നിന്ന് ഡ്രൈവറെ വരുത്തിയാണ് സർവീസ് പുനരാരംഭിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്‌ഐ ജിബിൻ തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടിരുന്നു.പൊലീസ് ഇടപെട്ടാണ് സർവീസ് പുനരാരംഭിച്ചത്.ഏകദേശം ഒരു മണിക്കൂറോളം കഴിഞ്ഞാണ് സർവീസ് പുനരാരമ്പിച്ചത് .ബസിനകത്ത് കയറിയാണ് അക്രമികൾ പ്രശ്‌നമുണ്ടാക്കിയത്. ഇടുക്കിയിൽ നിന്ന് മൂലമറ്റത്തിന് വരുന്ന ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്ന സ്റ്റോപ്പിലാണ് ട്രിപ്പ് ഓട്ടോകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ ഓട്ടോകൾ പാർക്ക് ചെയ്യരുതെന്ന് പൊലീസ് പല തവണ പറഞ്ഞിട്ടുള്ളതാണ്. എന്നാലും ഓട്ടോകൾ അവിടെ തന്നെ പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത് പലപ്പോഴും തർക്കങ്ങൾക്കും അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.