മന്ത്രി റോഷി അഗസ്റ്റിന്റെ എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിച്ച് തുടങ്ങി

കട്ടപ്പന : ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ എം എൽ എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് പൂർത്തിയാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.25 ലക്ഷം രൂപ മുടക്കി കട്ടപ്പന നഗരത്തിൽ വിവിധ ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 1.2 കോടി രൂപ മുടക്കി നിർമ്മിച്ച പള്ളിക്കവല - ജ്യോതിസ് ജംഗ്ഷൻ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനവും നടന്നു.കട്ടപ്പന നഗരത്തിലും പരിസര സ്ഥലങ്ങളിലും വഴിവിളക്കുകൾ അനിവാര്യമായ ജംഗ്ഷനുകളിലാണ് മന്ത്രി റോഷി അഗസ്റ്റിന്റെ എം എൽ എ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ച് എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.

കുരിശുപള്ളി കുന്തളംപാറ,ദീപിക ജംഗ്ഷൻ, അശോക ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.ശനിയാഴ്ച്ച വൈകിട്ട് മന്ത്രി റോഷി അഗസ്റ്റിൻ ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.ഇതിനോടൊപ്പം നഗരസഭ പരിധിയിലെ നിർമ്മലാസിറ്റിയിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

• 1. 2 കോടി മുടക്കി ബൈപാസ് നവീകരിച്ചു

ഉന്നത നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ പള്ളിക്കവല - ജ്യോതിസ് ജംഗ്ഷൻ റോഡിന്റെയും ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു. 1.20 ലക്ഷം രൂപ മുടക്കിയാണ് നവീകരണം പൂർത്തിയാക്കിയത്.

ആയിരക്കണക്കിന് വിദ്യാർത്ഥികൾ യാത്ര ചെയ്യുന്നതിന് പുറമേ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കോട്ടയം റൂട്ടിലേയ്ക്ക് കടത്തിവിടുന്നതും ഇതുവഴിയാണ്.

പള്ളിക്കവല ജംഗ്ഷന്റെ വികസനത്തിനായി കൂടുതൽ പദ്ധതികൾ തയ്യാറാക്കുമെന്നും ജ്യോതിസ് ജംഗ്ഷനിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞത് പുനർ നിർമ്മിക്കുന്നതിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച മുളകരമേട്- മന്തിക്കാനം റോഡ്, 5 ലക്ഷം രൂപാ അനുവദിച്ച് നിർമ്മിച്ച ഓലാനിപ്പടി- വട്ടുകുന്നേൽപ്പടി റോഡ്, 3 ലക്ഷം രൂപാ മുടക്കി നിർമ്മിച്ച കൊമ്പനാംതോട്ടംപടി പാലം എന്നിവയും മന്ത്രി നാടിന് സമർപ്പിച്ചു.

ഉദ്ഘാടന ചടങ്ങുകളിൽ നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി, മുൻ നഗരസഭാ ചെയർമാൻ അഡ്വ: മനോജ് എം തോമസ്, വാർഡ് കൗൺസിലർമാരായ ജാൻസി ബേബി, സോണിയ ജയ്ബി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അഡ്വ.എം കെ തോമസ്, എച്ച് എം റ്റി എ പ്രസിഡന്റ് പി.കെ ഗോപി എൽ ഡി എഫ് നേതാക്കളായ ടോമി ജോർജ്, ആനന്ദ് വടശേരി,ഷാജി കൂത്തോടി,ടെസിൻ കളപ്പുര, ജോമറ്റ് ജോസഫ്, റ്റിജി എം രാജു, ലിജോബി ബേബി എന്നിവർ പങ്കെടുത്തു.