തൊടുപുഴ: കാൽ നൂറ്റാണ്ടായി കാത്തിരിക്കുന്ന ശബരി റെയിൽ പാത യാഥാർത്ഥ്യമാകുമോയെന്നാണ് തൊടുപുഴക്കാർ ഉറ്റുനോക്കുന്നത്. പദ്ധതിയിൽ വിഭാവന ചെയ്തതുപോലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ തൊടുപുഴയിൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടികാഴ്ചയെ തുടർന്ന് അടിസ്ഥാന സൗകര്യഗതാഗത പദ്ധതികൾ നടപ്പാക്കാനുള്ള പ്രധാനമന്ത്രി ഗതിശക്തി മിഷനിൽ പദ്ധതി ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന റെയിൽവേ സംയുക്ത കമ്പനിയായ കേരളാ റെയിൽവേ വികസന കോർപറേഷന് (കെ റെയിൽ) നിർമ്മാണ ചുമതല നൽകാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരുന്നു. ചെലവിന്റെ പകുതി വഹിക്കാമെന്നും നിർമ്മാണം കെ റെയിലിനെ ഏൽപ്പിക്കണമെന്നും സംസ്ഥാന മന്ത്രിസഭ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. റെയിൽവേയുടെ നിർദ്ദേശ പ്രകാരം, കെ റെയിൽ തയ്യാറാക്കിയ 3347.35 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കൊച്ചിയിലെ ഫിനാൻസ് വിഭാഗം അംഗീകരിച്ച് ദക്ഷിണ റെയിൽവേയ്ക്ക് കൈമാറി. ഇനി വേണ്ടത് റെയിൽവേ ബോർഡിന്റെ അനുമതിയാണ്. അതോടെ, 2020ൽ പദ്ധതി മരവിപ്പിച്ച ഉത്തരവ് റദ്ദാക്കും. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചാലുടൻ അന്തിമ തീരുമാനമെടുക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയിൽ നേരത്തെ ഉറപ്പു നൽകിയിരുന്നു. 1997ൽ പ്രഖ്യാപിച്ച അങ്കമാലി- എരുമേലി 111കിലോമീറ്റർ ശബരി പാതയിൽ കാലടി- എരുമേലി 104 കിലോമീറ്റർ ഇനി നിർമ്മിക്കണം. പദ്ധതി പ്രഖ്യാപിച്ചപ്പോൾ 517കോടിയായിരുന്ന എസ്റ്റിമേറ്റ് 2017ൽ 2815കോടിയായി.
സ്വപ്ന പദ്ധതി
പദ്ധതി പ്രഖ്യാപനം: 1997
അങ്കമാലി മുതൽ എരുമേലി വരെ: 111 കിലോമീറ്റർ
അന്നത്തെ ചെലവ്: 550 കോടി രൂപ
പുതുക്കിയ എസ്റ്റിമേറ്റ്: 3347.35 കോടി രൂപ (70 കി.മി)
25 വർഷത്തിനിടെ ഏഴര കിലോമീറ്റർ
കഴിഞ്ഞ 25 വർഷത്തിനിടെ അങ്കമാലി മുതൽ കാലടി വരയുള്ള ഏഴര കിലോമീറ്റർ മാത്രമാണ് നിർമ്മാണം പൂർത്തിയായത്.
ട്രാക്കിലായാൽ
 ഇടുക്കി ജില്ലയിൽ ട്രെയിൻ യാത്രാസൗകര്യം
 തൊടുപുഴയുടെ വികസനം
 ടൂറിസത്തിനും വ്യാപാരത്തിനും ഗുണകരം