തൊടുപുഴ: യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി റോഷി അഗസ്റ്റിന് കനത്ത സുരക്ഷയൊരുക്കി പൊലീസ്. ഇന്നലെ രാവിലെ 11ന് അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രിയ്ക്ക് നൂറോളം പൊലീസുകാരാണ് സംരക്ഷണമൊരുക്കിയത്. ആറ് ജീപ്പിലും ഒരു വാനിലും നിറയെ പൊലീസ് സ്ഥലത്ത് സജ്ജരായിരുന്നു. ശനിയാഴ്ച കട്ടപ്പനയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി വീശിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇനിയും പ്രതിഷേധങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ സുരക്ഷ കൂട്ടിയത്.