ചെറുതോണി - പ്രതിഷേധിക്കുന്നവർക്ക് ധീരജിന്റെ അനുഭവം ഉണ്ടാവുമെന്നും അത് ഓർമവേണമെന്നുമുള്ള ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ വെളിപ്പെടുത്തലിന്റെപശ്ചാത്തലത്തിൽ വധ ഗുഢാലോചനക്കെതിരെ കേസെടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ആവശ്യപ്പെട്ടു. പ്രതികളെല്ലാം നേതാക്കളായതിനാൽ നേതൃത്വത്തിന്റെ അറിവും ആസൂത്രണവും അന്നേ വ്യക്തമായിരുന്നു. ഡിസിസി പ്രസിഡന്റുതന്നെ പലതവണ ഉറപ്പിച്ചുപറയുമ്പോൾ ഗുഢാലോചന മറനീക്കി പുറത്തുവരികയാണ്. മാത്രമല്ല, പ്രതികൾക്ക് എല്ലാവിധ സംരക്ഷണം നൽകിയതും കോൺഗ്രസ് നേതൃത്വമാണ്. കേസിൽനിന്നും രക്ഷപെടുത്താൻ അഭിഭാഷകനായി എത്തിയതും മുതിർന്ന നേതാവുതന്നെ. ജയിലിൽനിന്നും പുറത്തിറങ്ങിയ ധീരജിന്റെ ഘാതകർക്ക് എംപിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നൽകിയത്. പലഘട്ടത്തിലും ധീരജിനെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു പ്രസംഗത്തിന്റെ പേരിലാണ് എം എം മണിക്കെതിരെ നിരവധി കേസുകളെടുത്ത് ജയിലിൽ അടച്ചത്. നിരന്തരം പരസ്യമായി ധീരജിന്റെ കെലപാതകത്തെ ചൂണ്ടിക്കാട്ടി വെല്ലുവിളി നടത്തുകയും കൊലക്കേസിലെ പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന ഡിസിസി പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സി വി വർഗീസ് ആവശ്യപ്പെട്ടു.