തൊടുപുഴ: നഗരത്തിന്റെ സമഗ്രവികസനത്തിനുതകുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തി തൊടുപുഴ നഗരവികസന സെമിനാർ. നഗരസഭയും കേരള കൗമുദിയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും ചേർന്ന് മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടത്തിയ നഗരവികസന സെമിനാറാണ് ക്രിയാത്മകമായ അഭിപ്രായങ്ങൾകൊണ്ട് ശ്രദ്ധേയമായത്. തൊടുപുഴയുടെ നാളിതുവരെയുള്ള വളർച്ചയും ഇനിയുള്ള വികസന സാദ്ധ്യതകളും നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ചർച്ചയിൽ ഉയർന്ന് വന്നു.
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. അജീവിന്റെ അദ്ധ്യക്ഷതയിൽചേർന്ന സെമിനാർ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന് വരുന്നത്..നഗരത്തിന്റെ വിവിധ മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് ഇനിയും കുറേ കാര്യങ്ങൾ പൂർത്തീകരിക്കാനുണ്ടെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. .ഏറ്റവും കൂടുതൽ ബൈപ്പാസ് റോഡുകളുള്ള നഗരമാണ് തൊടുപുഴ; എന്നാൽ ഇതിന്റെ സാദ്ധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചിട്ടില്ല.നഗരത്തിൽ നിന്ന് മുതലക്കോടം, മോർജംഗ്ഷൻ, കോലാനി, കാരിക്കോട്, വെങ്ങല്ലൂർ എന്നിങ്ങനെ പ്രദേശങ്ങളിൽ നിത്യവും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്.വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി ആവശ്യങ്ങൾക്ക് നഗരത്തിലേക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കേണ്ടതുണ്ട്. തൊടുപുഴ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളാണുള്ളത്.തനത് വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് നഗരസഭ മങ്ങാട്ട് കവലയിൽ 10.50 കോടി ചിലവഴിച്ച് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ 3.50 കോടി രൂപകൂടി വേണം. കച്ചവടക്കാരുടെ സഹകരണത്തോടെ സുൽത്താൻ ബത്തേരി മോഡലിൽ നഗരം സൗന്ദര്യ വൽക്കരണം നടത്തണം.നഗരം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് എം എൽ എ, എം പി, ഉദ്യോഗസ്ഥർ, സാമൂഹ്യ, സാംസ്ക്കാരിക, രാഷ്ട്രീയ സംഘടനകളുടെ കൂട്ടായ ശ്രമം ഉണ്ടാകണം അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപന ഭീഷണികൾ തരണം ചെയ്ത് എല്ലാ മേഖലയും സജീവമായി വരുകയാണ്.കക്ഷി രാഷ്ട്രീയം മാറ്റി വെച്ച് ഒരുമിച്ച് പ്രവർത്തിച്ചാൽ തൊടുപുഴ നഗരത്തിൽ വിപ്ലവകരമായ വികസനം എത്തിക്കാൻ കഴിയുമെന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസി ജോണി പറഞ്ഞു.
.പ്രത്യേകമായ ചില മേഖലകൾ മാത്രം ഒതുങ്ങാതെ എല്ലാ മേഖലകളിലും സമഗ്രമായ വികസനമാണ് നഗരസഭയുടെ ലക്ഷ്യം.വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ മർച്ചന്റ് അസോസിയേഷൻ നഗരസഭയുടെ കൂടെ ചേർന്ന് പദ്ധതി ആവിഷ്ക്കരിക്കണം.നഗരത്തിന് ചുറ്റിലുമുള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തി തൊടുപുഴയെ ടൂറിസം ഹബ്ബായി മാറ്റാനുള്ള സാദ്ധ്യതകളുണ്ട് ജെസി ജോണി പറഞ്ഞു.
കേരളകൗമുദി കോട്ടയം യൂണിറ്റ്ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് ജയിൻ എം. ജോസഫ്,തൊടുപുഴ ട്രാക്ക് പ്രസിഡന്റ് ജയിംസ് മാളിയേക്കൽ, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി പി. എം. മോനിച്ചൻ, കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, സുരേന്ു്രൻ സെമിട്രോണിക്സ് എന്നിവർ പ്രസംഗിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ സ്വാഗതവും കേരളകൗമുദി സീനിയർ സബ് എഡിറ്റർ പി. ടി. സുഭാഷ് നന്ദിയും പറഞ്ഞു.
തൊടുപുഴ നഗരവികസന സെമിനാറിൽ
ഉയർന്ന് വന്ന നിർദേശങ്ങൾ
-പിൽഗ്രിം ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണം
- എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് ടൗണിൽ വാഹന സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതി നടപ്പിലാക്കണം.
-ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തണം
-ലോറി സ്റ്റാന്റ് പാർക്കിംഗ് ഏരിയ ആക്കണം
- കായിക രംഗത്തെ വളർച്ചയ്ക്കായി സ്റ്റേഡിയം നിർമ്മിക്കണം
-ഗാന്ധി സ്ക്വയറിന് സമീപത്തുള്ള നഗരസഭ കെട്ടിടം പൊളിച്ച് പുതിയത് സ്ഥാപിക്കണം
-തൊടുപുഴ, മലങ്കര ടൂറിസം പദ്ധതി ഉൾപ്പടെ പൂർത്തീകരിക്കണം.
-കൂടുതൽ ആളുകൾക്ക് വരുമാനം ലഭിക്കാൻ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കണം.
-നഗരത്തിന്റെ വിവിധ മേഖലകളിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്തണം.