തൊടുപുഴ: കരിങ്കുന്നം വടക്കുംമുറി പള്ളി ലക്ഷം വീട് കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മാസങ്ങളായിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗത്തിന്റെയും വീട്ടമ്മമാരുടെയും നേതൃത്വത്തിൽ തൊടുപുഴയിൽ വാട്ടർ അതോറിറ്റി എ.ഇ ഓഫീസ് ഉപരോധിച്ചു. മൂന്നു മാസമായി കോളനിയിലെ പല വീടുകളിലും വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട്. കുടിവെള്ളം വില കൊടുത്ത് വാങ്ങിയാണ് പലരും ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. സാധാരണക്കാരായ കോളനി നിവാസികൾക്ക് ഇതു പലപ്പോഴും താങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. വടക്കുംമുറി പമ്പ് ഹൗസിൽ നിന്നാണ് കോളനിയിലേയ്ക്ക് ജലവിതരണം നടത്തുന്നത്. ഇവിടേയ്ക്കുള്ള വിതരണ ലൈൻ പലയിടത്തും പൊട്ടിക്കിടക്കുന്നതു മൂലമാണ് കോളനിയിലെ പല ഭാഗങ്ങളിലേയ്ക്കും വെള്ളം എത്താത്തതിന് കാരണം. പൈപ്പ് പൊട്ടിയത് പല തവണ അധികൃതരെ വിളിച്ചു പറഞ്ഞിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് 13ാം വാർഡ് മെംബർ അജിമോൻ കെ.എസ് പറഞ്ഞു. ഉദ്യോഗസ്ഥർ ഫോൺ പോലും എടുക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് എ.ഇ ഓഫീസ് ഉപരോധിക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്തംഗം അജിമോൻ കെ.എസ് വ്യക്തമാക്കി. നാട്ടുകാർ സംഘടിച്ച് എത്തിയതോടെ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് എ.ഇ ഉറപ്പ് നൽകി. ഇതോടെയാണ് ഉപരോധം അവസനാപ്പിച്ചത്. തുടർന്ന് എ.ഇയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പൈപ്പ് പൊട്ടികിടക്കുന്ന ഭാഗങ്ങൾ സന്ദർശിച്ചു. ഇന്ന് തന്നെ അറ്റകുറ്റപ്പണികൾ ആരംഭിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി പഞ്ചായത്തംഗം പറഞ്ഞു.